Thursday, December 14, 2006

നിരീശ്വരവാദത്തില്‍ നിന്നു ഈശ്വരനിലേക്കു: ഒരു ആത്മീയ യാത്ര

എന്റെ ആത്മീയ യാത്ര, ഏഴാം വയസ്സില്‍, ചിന്മയ മിഷന്‍ നടത്തുന്ന ബാല വിഹാര്‍ ക്ലാസ്സില്‍നിന്നു ഗീതയുടെ 12 - ആം അധ്യായം - ചൊല്ലിക്കൊണ്ടാണു തുടങ്ങിയതു. പിന്നീടെപ്പോഴോ, ജീവിതത്തില്‍ നിന്നു സുഖങ്ങളുടെ പുതപ്പു മാറാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും, വിവേകാനന്ദനും, പരമഹംസനും. എന്നിട്ടും ഒന്നും തന്നെ പിടി കിട്ടാതെ പകച്ചു നിന്നപോള്‍, നിരീശ്വരവാദം.

നിരീശ്വരവാദത്തിന്റെ ഉല്‍ഭവം തന്നെ സ്വാര്‍തഥയില്‍നിന്നല്ലെ. നമുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങല്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.പക്ഷെ മനുഷ്യ മനസ്സിനു തീര്‍ത്തും നിരീശ്വരവാദിയാകാന്‍ സാധിക്കില്ലെന്നു ഞാന്‍ പഠിച്ചു. എങ്ങെനെയാവാന്‍? ഈ പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിചു അല്‍പമെങ്കിലും ചിന്തിക്കുന്നവനാണെങ്കില്‍, അവനു അതിനു കഴിയില്ല. ഓരൊ പ്രഭാതവും, മദ്ധ്യാഹ്നത്തിന്നു വഴി മാറുന്നു, സന്ധ്യ പതുങ്ങി എത്തുന്നു, മെല്ലെ രാത്രിയുടെ ഇരുട്ടില്‍ മുങ്ങി മറയാന്‍. കൊടും ഗ്രീഷ്മം, വര്‍ഷത്തിനു വഴി മാറുന്നു. സൂര്യകിരണങ്ങല്‍ കര്‍ക്കിടത്തിന്റെ മേഘക്കൂട്ടുകള്‍കിടയില്‍ നിന്നു തെളിയുന്നു, ഓണപ്പൂക്കള്‍ വിടരുകയായി. പിന്നെ തുലാ വര്‍ഷം, ഇടി മഴ, എന്നാല്‍ ചിലപ്പോള്‍ ഒന്നു നനച്ചു മാത്രം പോകും. തിരുവാതിരക്കാറ്റു വീശി, പുറകെ മകര ക്കുളിര്‍ മഞ്ഞ്‌ മൂടിയ പ്രഭാതങ്ങള്‍. അതു ഒരു മറയാണു. ഉച്ചവെയിലില്‍ ഉണങ്ങാന്‍ തുടങ്ങുന്ന പരിസരങ്ങളെ ഒന്നു തഴുകാന്‍. വീണ്ടും ഗ്രീഷ്മം വരവായി. എത്രയും താളാത്മകമായി പ്രകൃതിയുടെ ചരടുകള്‍ ആരു വലിക്കുന്നു, എന്നു ചിന്തിക്കാത്ത മനുഷ്യര്‍ എത്ര നിര്‍ധനരാണ്‌.

നിരീശ്വരവാദത്തിന്റെ ഉത്‌ഭവം തന്നെ സ്വാര്‍ത്ഥതയില്‍നിന്നല്ലെ. നമ്മുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.

ഈ മഹാപ്രപഞ്ചത്തെ ഒരു എറര്‍ കോടും ഇല്ലാതെ പ്രോഗ്രാം ചെയ്ത ആ മഹാശക്തിക്കു മുന്നില്‍ നാം എത്ര നിസ്സാരം എന്നു മനസ്സിലാക്കാന്‍ വൈകിയതെന്തേ? എപ്പൊഴും ഞാന്‍, എന്റെ, എന്നു മാത്രം ചിന്തിക്കുന്ന എന്റെ സ്വാര്‍ത്ഥത ഞാന്‍ മനസ്സിലാക്കാന്‍ എത്ര വൈകി.

ഇതെല്ലാം വലിയ ചിത്രത്തിന്റെ ഭാഗങ്ങള്‍ മാത്രം.ഓരോ ജീവിതവും വ്യത്യസ്തമാണു. എന്നാല്‍ എല്ലാ ജീവിതങ്ങളും, ഇഴ കോര്‍ത്ത കണ്ണികളെപോലെ ചേര്‍ന്നു കിടക്കുന്നില്ലേ?

ഇന്നു ഹൈവേയില്‍ കാര്‍ ആക്സിഡെന്റില്‍ മരിച്ചതു എന്റെ സുഹൃത്തുക്കളായിരുന്നു. എതിരെ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന വണ്ടിയിലെ ഡ്രൈവര്‍ നിങ്ങളുടെ സഹോദരനായിരിക്കാം. ഇന്നു വരെ തീര്‍ത്തും അപരിചിതരായ നമ്മള്‍ ഒരു അജ്ഞാത നിമിഷത്തില്‍, ഒരേ ദുരന്തത്തിന്റെ വ്യത്യസ്ത കണ്ണികളായി. ഇതു പോലെ തന്നെ, രസകരമായ അനുഭവങ്ങള്‍, വിവാഹങ്ങള്‍... എന്തിനു, മുറ്റത്തു നില്‍ക്കുന്ന പ്ലാവു പോലും ജീവിതത്തിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഈ ബന്ധം, ആ ചരടു, പ്രപഞ്ചത്തെയും, നമ്മെയും, ചേര്‍ത്തിണക്കുന്ന ആ അജ്ഞാത ചരടു തന്നെ ഈശ്വരന്‍.

ഈ ഈശ്വരനെ അമ്പലങ്ങളില്‍ കിട്ടില്ല, അകത്തേക്കു നോക്കു, പിന്നെ പ്രകൃതിയിലേക്കും. ഒരു പ്രേരണക്കു, ഭഗവദ്‌ ഗീത ഒന്നു വായിച്ചു നോക്കാം, നല്ല ഒരു വ്യാഖ്യാതാവിനെ കണ്ടെത്തിയാല്‍ മാത്രം--- സംസ്കൃതം വളച്ചൊടിക്കാന്‍ എളുപ്പമാണേ.അതു സാധ്യമല്ലെങ്കില്‍, പോട്ടെ. ഈ പ്രപഞ്ചം തന്നെയല്ലെ ഈശ്വരന്‍ എന്നൊന്നു വിലയിരുത്തി നോക്കു.

ജീവിതം തന്നെ ആത്മീയ യാത്രയായി മാറ്റാം. അവസാനിക്കാത്തൊരു യാത്ര.

Tuesday, December 5, 2006

അന്‍പതു പവനില്‍ തൂങ്ങിയ നിശ്ചയം

കല്യാണം, മരണം, ജനനം - ഗ്രാമവാസികളുടെ മുഖ്യ കലാപരിപാടികളില്‍ പെടുന്നു.
ഒരു പക്ഷെ ബന്ധങ്ങള്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതു ഇവയോട്‌ അനുബന്ധിച്ചുള്ള ചില ആചാരങ്ങളാണു.സാവിത്രി ചെറിയമ്മയുടെ ഏടത്തിയുടെ മകളുടെ കല്യാണ നിശ്ചയമാണു വരുന്നത്‌.
"നല്ല കുട്ടിയാണടീ, അവള്‍ടെ ഭാഗ്യമാണ്‌". ചെറിയമ്മ തുടര്‍ന്നു. "കമ്പ്യൂട്ടറിന്റെ എന്തോ വല്യ ജോലിയാണെ. ശരിക്കു തിരുവന്തോരത്താണു വീട്ത്രെ. അച്ചനു ജോലി ഇവിടെയായതുകൊണ്ടു, പാലക്കാട്‌ വീട്‌ വച്ചതാണ്‌. "

"തെക്കരാവുമ്പോള്‍ സ്ത്രീധനം വേണ്ടിവരില്ലെ, ചെറിയമ്മെ?"
എയ്‌.പ്രെമ വിവാഹമല്ലെ, കുട്ടീ? ചെക്കനു അവളെ അവളുടെ കൂട്ടുക്കാരിയുടെ കല്യാണത്തിന്നു കണ്ടപ്പൊല്‍ പിടിച്ചതാണത്രെ. ആ കുട്ടി വഴിയാണു അന്വെഷണം വന്നതു.

അതൊന്നും ഉണ്ടാവാതിരിക്കട്ടെ, ല്ലെ, ചെറിയമ്മെ..

കുട്ടിക്കു എല്ലാറ്റിന്നും സംശയമാ.

അടുത്ത ബന്ധുക്കളാവുമ്പോല്‍, നിശ്ചയത്തിനും പോണം, അതിനു മുമ്പെ അതു അന്വെഷിക്കാനും പോണം.ചെറിയമ്മയുടെ കൂടെ ഞാനും.ഒരു സ്വല്‍പം വിവരമുള്ളവര്‍ക്കു ഒരു തികഞ്ഞ ബോറന്‍ ഏര്‍പാടാണു അന്വെഷണമെന്ന ചടങ്ങ്‌.പക്ഷെ നിശ്ചയം ഒഴുവാക്കിയാലും, അന്വെഷണം ഒഴുവ്വാക്കിയാല്‍, അതു മോശമാവും. ബന്ധുത്വത്തിനു ഒരു ക്ഷീണവും.എന്നാല്‍ അതിന്റെ നല്ല വശവുമുണ്ട്‌,തിരക്കുകള്‍ക്കിടയില്‍ പഴയെ ഓര്‍മകള്‍ പുതുക്കാനും, വിശേഷങ്ങല്‍ കൈമാറാനും ഗ്രാമവാസികള്‍ക്കൊരു വേദിയാണ്‌ ഈ സന്ദര്‍ഭങ്ങള്‍.
പെണ്ണിനു ഉടുക്കാനുള്ള സാരി, പണ്ടം, ഇട്ടു കൊടുക്കാനുള്ള മോതിരവും. ഇതിനു സാക്ഷ്യം വഹിക്കാന്‍ വീഡിയോ കണ്ണുകളും.

"ഒരു സെറ്റു മാലകളും താലിയും കൂടിയായാല്‍ കല്യാണം കൂടി കഴിക്കാമായിരുന്നു, അല്ലെ?"
എന്തൊ എന്റെ നിശ്‌കളങ്കമായ ചോദ്യത്തിന്നു മറുപടി ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല, ചെറിയമ്മ, കണ്ണു ഉരുട്ടുകയും ചെയ്തു.

നിശ്ചയം ഒരു കുട്ടികല്യാണം തന്നെ.നിശ്ചയത്തിന്നു 100 പേര്‍ വരുമത്രെ. പണ്ടു കല്യാണതിനു പോലും 50 പേരെ വരുമായിരുന്നു. മക്കളുടെ എണ്ണം കുറഞ്ഞപ്പൊള്‍ മാതാപിതാക്കള്‍ അവരുടെ വിവാഹങ്ങല്‍ ദേശിയോത്സവങ്ങളാക്കി മാറ്റിയതിനു അവരെ കുറ്റം പറയാനൊക്കുമൊ?

അമ്മാമ അമ്മായി, പെങ്ങള്‍, ഭര്‍ത്താവു, അവരുടെ ബന്ധുക്കള്‍, പ്രമുഖരായ നാട്ടുക്കാര്‍..വന്ന പാര്‍റ്റിയില്‍,സ്ഥാനം, അമ്മാമനാണെന്നു കേട്ടു, എന്നാല്‍ പ്രസ്ഥാനം നയിച്ചതു അമ്മായി തന്നെ. ഒരു കടും പച്ച സാരി, രണ്ട്‌ വരി മണിമാല, കൈ നിറച്ചു വളകള്‍മുറുക്കാന്‍ തട്ടില്‍, കുറെ ആപ്പിളും, ഓറഞ്ജും , തെങ്ങയും, പിന്നെ ഒരു കവറും. മുറുക്കാന്‍ പണമായിരിക്കുമെന്നാണു ഞാന്‍ വിചാരിചതു, പക്ഷെ തെറ്റി പോയി. കല്യാണ നിശ്ചയ കരാറാണത്രെ.അങ്ങനത്തെ ഒന്നു ഇപ്പൊറത്തുമുണ്ടായിരുന്നു. അതു ഇരു പാര്‍ടികളിലെയും അമ്മമന്മാരും വായിച്ചു, ഒപ്പിട്ടു കൈമാറി. തികചും പ്രൊഫെഷനലിസത്തിലേക്കു നാട്ടിന്‍പുറത്തെ പ്രോഗ്രെസ്സ്‌ കണ്ടു ഞാന്‍ ശരിക്കും 'ഇം പ്രെ സ്സ്ട്‌" . ഒരു 1001 രൂപ അവര്‍ വെറ്റിലയില്‍ വെച്ചിട്ടു തരികയും ചെയ്തു.
“നല്ല കൂട്ടരാണു. ബട പാര്‍ട്ടി..ആ വന്ന പെണ്ണുങ്ങളുടെ കാതിലും കൈയ്യിലും, കഴുത്തിലും എത്ര പണ്ടങ്ങളാ.. സുമകുട്ടിയുടെ ഭാഗ്യം.. അമ്മായി ഇടക്കു തഞ്ചം കിട്ടിയപ്പോള്‍ അഭിമാനത്തോടെ പറഞ്ഞു.“
ചടങ്ങ്‌ കഴിഞ്ഞു ഊണ്‌, പിന്നെ മുറുക്കല്‍.പിന്നെ തുടങ്ങിയില്ലെ 'പ്രസ്ഥാനത്തിന്റെ‘ ഏകാങ്കം. അപ്പോള്‍ പിന്നെ കാര്യങ്ങല്‍ തീരുമാനത്തിലായി. രമേശനു, നല്ല നല്ല ആലോചനകള്‍ വന്നതാണെ... പക്ഷെ അവനു ഇതു മതി എന്നു... നിങ്ങടെ കൊച്ചിന്റെ ഭാഗ്യമാണെന്നു കരുതിക്കോളു...നാലു പുറം നോക്കിയിട്ടു അവര്‍ അടക്കം പറയുന്നപോലെ ഉറക്കെ തുടര്‍ന്നു. നിങ്ങല്‍ക്കറിയൊ, അവന്റെ പെങ്ങളുടെ കല്യാണത്തിനു 50 പവന്‍ സ്വര്‍ണമാണു അവന്‍ കൊടുത്തതു..അച്ചന്നില്ലാത്ത കുറവൊന്നും അവന്‍ വരുത്തിയില്ല. ഇത്ര ഉത്തരവാദിത്തമുള്ള പയ്യനെ ഇക്കാലത്തു കാണാന്‍ കിട്ടൊ, അല്ലെ?
എനിക്കാ സംസാരത്തില്‍ സംതിങ്‌ മണക്കുന്നമ്മാതിരി തോന്നിയെങ്കിലും, ചുറ്റുമ്മുള്ളവരുടെ മുഖത്തു ചെക്കനോടുള്ള ആരാധന. അതുകൊണ്ട്‌ മൗനം എനിക്കു ഭൂഷണം എന്നു കരുതി വാ തുറന്നില്ല.
പോയി വന്നപ്പോള്‍ ചെറിയമ്മയുടെ മുഖത്തു നിറഞ്ഞ സന്തൊഷം. വൃശ്ചികത്തിലാ കല്യാണം. പട്ടാമ്പി ഗുരുവായൂര്‍ ക്ഷേത്രത്തില്‍..ഇനി എന്തൊക്കെ ഒരുക്കണം... ചെറിയമ്മക്കു ആകെ ഉത്സാഹം രാത്രി കോസറി വിരിചു കിടന്നപ്പോള്‍ ചെറിയമ്മയുടെ അടക്കാനാവാത്ത സന്തോഷം വിശെഷങ്ങളായി പുറത്തു വന്നു.

അല്ല ചെറിയമ്മേ,ആ സ്ത്രീ അങ്ങനെ എന്തിനാണു പറഞ്ഞതു...
എന്ത്‌?
50 പവന്റെ കാര്യം..പെങ്ങള്‍ക്കു കൊടുത്തതെ..?

അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ പറഞ്ഞതാണ്‌, അല്ലാതെ എന്തു?

സുമ്മക്കും അങ്ങിനെ പ്രതീക്ഷിക്കുന്നുണ്ടാവും എന്നാണു എനിക്കു തോന്നുന്നതട്ടൊ
എന്ത്‌?

50 പവന്‍..

അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ പറഞ്ഞതാണന്നെ, അല്ലാതെ കുട്ടി വിചാരിക്കുന്നതു പോലെയൊന്നുമല്ല. അലെങ്കിലും നിനക്കു എല്ലാരെയും സംശയമാ..
ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.

കര്‍ക്കിടകം കഴിഞ്ഞു, പിന്നെ ചിങ്ങം, തുലാം, കന്നി, വൃശ്ചികം ആവാറായി.

“അല്ല ചെറിയമ്മെ, എന്തായി സുമയുടെ കല്യാണം.“
“അതു പിന്നെ, അതു വേണ്ടെന്നു വച്ചു.നമ്മക്കു ശരിയാവില്ല..“
“അതെയൊ? എന്തേ?“
കുട്ടി പറഞ്ഞപോലെ അവര്‍ക്കു വേറെ ഉദ്ദെശമുണ്ടായിരുന്നു.
വേറെ ഉദ്ദേശമൊ?
“ങാ, അന്നു പറഞ്ഞില്ലെ, അതു തന്നെ...“
“എന്ത്‌?“
50 പവന്‍...