Tuesday, December 5, 2006

അന്‍പതു പവനില്‍ തൂങ്ങിയ നിശ്ചയം

കല്യാണം, മരണം, ജനനം - ഗ്രാമവാസികളുടെ മുഖ്യ കലാപരിപാടികളില്‍ പെടുന്നു.
ഒരു പക്ഷെ ബന്ധങ്ങള്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതു ഇവയോട്‌ അനുബന്ധിച്ചുള്ള ചില ആചാരങ്ങളാണു.സാവിത്രി ചെറിയമ്മയുടെ ഏടത്തിയുടെ മകളുടെ കല്യാണ നിശ്ചയമാണു വരുന്നത്‌.
"നല്ല കുട്ടിയാണടീ, അവള്‍ടെ ഭാഗ്യമാണ്‌". ചെറിയമ്മ തുടര്‍ന്നു. "കമ്പ്യൂട്ടറിന്റെ എന്തോ വല്യ ജോലിയാണെ. ശരിക്കു തിരുവന്തോരത്താണു വീട്ത്രെ. അച്ചനു ജോലി ഇവിടെയായതുകൊണ്ടു, പാലക്കാട്‌ വീട്‌ വച്ചതാണ്‌. "

"തെക്കരാവുമ്പോള്‍ സ്ത്രീധനം വേണ്ടിവരില്ലെ, ചെറിയമ്മെ?"
എയ്‌.പ്രെമ വിവാഹമല്ലെ, കുട്ടീ? ചെക്കനു അവളെ അവളുടെ കൂട്ടുക്കാരിയുടെ കല്യാണത്തിന്നു കണ്ടപ്പൊല്‍ പിടിച്ചതാണത്രെ. ആ കുട്ടി വഴിയാണു അന്വെഷണം വന്നതു.

അതൊന്നും ഉണ്ടാവാതിരിക്കട്ടെ, ല്ലെ, ചെറിയമ്മെ..

കുട്ടിക്കു എല്ലാറ്റിന്നും സംശയമാ.

അടുത്ത ബന്ധുക്കളാവുമ്പോല്‍, നിശ്ചയത്തിനും പോണം, അതിനു മുമ്പെ അതു അന്വെഷിക്കാനും പോണം.ചെറിയമ്മയുടെ കൂടെ ഞാനും.ഒരു സ്വല്‍പം വിവരമുള്ളവര്‍ക്കു ഒരു തികഞ്ഞ ബോറന്‍ ഏര്‍പാടാണു അന്വെഷണമെന്ന ചടങ്ങ്‌.പക്ഷെ നിശ്ചയം ഒഴുവാക്കിയാലും, അന്വെഷണം ഒഴുവ്വാക്കിയാല്‍, അതു മോശമാവും. ബന്ധുത്വത്തിനു ഒരു ക്ഷീണവും.എന്നാല്‍ അതിന്റെ നല്ല വശവുമുണ്ട്‌,തിരക്കുകള്‍ക്കിടയില്‍ പഴയെ ഓര്‍മകള്‍ പുതുക്കാനും, വിശേഷങ്ങല്‍ കൈമാറാനും ഗ്രാമവാസികള്‍ക്കൊരു വേദിയാണ്‌ ഈ സന്ദര്‍ഭങ്ങള്‍.
പെണ്ണിനു ഉടുക്കാനുള്ള സാരി, പണ്ടം, ഇട്ടു കൊടുക്കാനുള്ള മോതിരവും. ഇതിനു സാക്ഷ്യം വഹിക്കാന്‍ വീഡിയോ കണ്ണുകളും.

"ഒരു സെറ്റു മാലകളും താലിയും കൂടിയായാല്‍ കല്യാണം കൂടി കഴിക്കാമായിരുന്നു, അല്ലെ?"
എന്തൊ എന്റെ നിശ്‌കളങ്കമായ ചോദ്യത്തിന്നു മറുപടി ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല, ചെറിയമ്മ, കണ്ണു ഉരുട്ടുകയും ചെയ്തു.

നിശ്ചയം ഒരു കുട്ടികല്യാണം തന്നെ.നിശ്ചയത്തിന്നു 100 പേര്‍ വരുമത്രെ. പണ്ടു കല്യാണതിനു പോലും 50 പേരെ വരുമായിരുന്നു. മക്കളുടെ എണ്ണം കുറഞ്ഞപ്പൊള്‍ മാതാപിതാക്കള്‍ അവരുടെ വിവാഹങ്ങല്‍ ദേശിയോത്സവങ്ങളാക്കി മാറ്റിയതിനു അവരെ കുറ്റം പറയാനൊക്കുമൊ?

അമ്മാമ അമ്മായി, പെങ്ങള്‍, ഭര്‍ത്താവു, അവരുടെ ബന്ധുക്കള്‍, പ്രമുഖരായ നാട്ടുക്കാര്‍..വന്ന പാര്‍റ്റിയില്‍,സ്ഥാനം, അമ്മാമനാണെന്നു കേട്ടു, എന്നാല്‍ പ്രസ്ഥാനം നയിച്ചതു അമ്മായി തന്നെ. ഒരു കടും പച്ച സാരി, രണ്ട്‌ വരി മണിമാല, കൈ നിറച്ചു വളകള്‍മുറുക്കാന്‍ തട്ടില്‍, കുറെ ആപ്പിളും, ഓറഞ്ജും , തെങ്ങയും, പിന്നെ ഒരു കവറും. മുറുക്കാന്‍ പണമായിരിക്കുമെന്നാണു ഞാന്‍ വിചാരിചതു, പക്ഷെ തെറ്റി പോയി. കല്യാണ നിശ്ചയ കരാറാണത്രെ.അങ്ങനത്തെ ഒന്നു ഇപ്പൊറത്തുമുണ്ടായിരുന്നു. അതു ഇരു പാര്‍ടികളിലെയും അമ്മമന്മാരും വായിച്ചു, ഒപ്പിട്ടു കൈമാറി. തികചും പ്രൊഫെഷനലിസത്തിലേക്കു നാട്ടിന്‍പുറത്തെ പ്രോഗ്രെസ്സ്‌ കണ്ടു ഞാന്‍ ശരിക്കും 'ഇം പ്രെ സ്സ്ട്‌" . ഒരു 1001 രൂപ അവര്‍ വെറ്റിലയില്‍ വെച്ചിട്ടു തരികയും ചെയ്തു.
“നല്ല കൂട്ടരാണു. ബട പാര്‍ട്ടി..ആ വന്ന പെണ്ണുങ്ങളുടെ കാതിലും കൈയ്യിലും, കഴുത്തിലും എത്ര പണ്ടങ്ങളാ.. സുമകുട്ടിയുടെ ഭാഗ്യം.. അമ്മായി ഇടക്കു തഞ്ചം കിട്ടിയപ്പോള്‍ അഭിമാനത്തോടെ പറഞ്ഞു.“
ചടങ്ങ്‌ കഴിഞ്ഞു ഊണ്‌, പിന്നെ മുറുക്കല്‍.പിന്നെ തുടങ്ങിയില്ലെ 'പ്രസ്ഥാനത്തിന്റെ‘ ഏകാങ്കം. അപ്പോള്‍ പിന്നെ കാര്യങ്ങല്‍ തീരുമാനത്തിലായി. രമേശനു, നല്ല നല്ല ആലോചനകള്‍ വന്നതാണെ... പക്ഷെ അവനു ഇതു മതി എന്നു... നിങ്ങടെ കൊച്ചിന്റെ ഭാഗ്യമാണെന്നു കരുതിക്കോളു...നാലു പുറം നോക്കിയിട്ടു അവര്‍ അടക്കം പറയുന്നപോലെ ഉറക്കെ തുടര്‍ന്നു. നിങ്ങല്‍ക്കറിയൊ, അവന്റെ പെങ്ങളുടെ കല്യാണത്തിനു 50 പവന്‍ സ്വര്‍ണമാണു അവന്‍ കൊടുത്തതു..അച്ചന്നില്ലാത്ത കുറവൊന്നും അവന്‍ വരുത്തിയില്ല. ഇത്ര ഉത്തരവാദിത്തമുള്ള പയ്യനെ ഇക്കാലത്തു കാണാന്‍ കിട്ടൊ, അല്ലെ?
എനിക്കാ സംസാരത്തില്‍ സംതിങ്‌ മണക്കുന്നമ്മാതിരി തോന്നിയെങ്കിലും, ചുറ്റുമ്മുള്ളവരുടെ മുഖത്തു ചെക്കനോടുള്ള ആരാധന. അതുകൊണ്ട്‌ മൗനം എനിക്കു ഭൂഷണം എന്നു കരുതി വാ തുറന്നില്ല.
പോയി വന്നപ്പോള്‍ ചെറിയമ്മയുടെ മുഖത്തു നിറഞ്ഞ സന്തൊഷം. വൃശ്ചികത്തിലാ കല്യാണം. പട്ടാമ്പി ഗുരുവായൂര്‍ ക്ഷേത്രത്തില്‍..ഇനി എന്തൊക്കെ ഒരുക്കണം... ചെറിയമ്മക്കു ആകെ ഉത്സാഹം രാത്രി കോസറി വിരിചു കിടന്നപ്പോള്‍ ചെറിയമ്മയുടെ അടക്കാനാവാത്ത സന്തോഷം വിശെഷങ്ങളായി പുറത്തു വന്നു.

അല്ല ചെറിയമ്മേ,ആ സ്ത്രീ അങ്ങനെ എന്തിനാണു പറഞ്ഞതു...
എന്ത്‌?
50 പവന്റെ കാര്യം..പെങ്ങള്‍ക്കു കൊടുത്തതെ..?

അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ പറഞ്ഞതാണ്‌, അല്ലാതെ എന്തു?

സുമ്മക്കും അങ്ങിനെ പ്രതീക്ഷിക്കുന്നുണ്ടാവും എന്നാണു എനിക്കു തോന്നുന്നതട്ടൊ
എന്ത്‌?

50 പവന്‍..

അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ പറഞ്ഞതാണന്നെ, അല്ലാതെ കുട്ടി വിചാരിക്കുന്നതു പോലെയൊന്നുമല്ല. അലെങ്കിലും നിനക്കു എല്ലാരെയും സംശയമാ..
ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.

കര്‍ക്കിടകം കഴിഞ്ഞു, പിന്നെ ചിങ്ങം, തുലാം, കന്നി, വൃശ്ചികം ആവാറായി.

“അല്ല ചെറിയമ്മെ, എന്തായി സുമയുടെ കല്യാണം.“
“അതു പിന്നെ, അതു വേണ്ടെന്നു വച്ചു.നമ്മക്കു ശരിയാവില്ല..“
“അതെയൊ? എന്തേ?“
കുട്ടി പറഞ്ഞപോലെ അവര്‍ക്കു വേറെ ഉദ്ദെശമുണ്ടായിരുന്നു.
വേറെ ഉദ്ദേശമൊ?
“ങാ, അന്നു പറഞ്ഞില്ലെ, അതു തന്നെ...“
“എന്ത്‌?“
50 പവന്‍...

15 comments:

 1. പട്ടാമ്പിയില്‍ നിന്നു കുറച്ചു വിഷേഷങല്‍ കൂടി

  ReplyDelete
 2. പട്ടാമ്പി വിശേഷം നന്നായി,തെക്കര്‍ സ്ത്രീധനം വാങ്ങുന്നവരാണു എന്നൊക്കെ പറഞ്ഞാല്‍ പ്രശ്നമാവില്ലെ ? :-)

  ReplyDelete
 3. തെക്കര്‍ മാത്രമല്ല വടക്കരും സ്ത്രീദന കാര്യത്തില്‍ അത്ര മോശമൊന്നുമല്ല.മുസ്ലീങ്ങളുടെ ഇടയില്‍ സ്ത്രീധനം ചോദിച്ചു വാങ്ങുന്നത് തൃശ്ശൂരിനേക്കാളും കൂടുതല്‍ പാലക്കാടും മലപ്പുറത്തുമാണ്‌.

  ReplyDelete
 4. അതുകൊണ്ട് വേണ്ടാന്നുവെച്ചു എന്ന് പറയാന്‍ ധൈര്യമുള്ളവര്‍ വളരെ കുറവാണ്. എങ്ങനെയെങ്കിലും, ഒന്നിന്റെയെങ്കിലും, കല്യാണം നടക്കട്ടെ എന്ന് വിചാരിക്കുന്നവരാണ് അധികവും.

  ReplyDelete
 5. സുജയാ, "തെക്കരാവുമ്പോള്‍ സ്ത്രീധനം വേണ്ടിവരില്ലെ, ചെറിയമ്മെ?"
  ശരിക്കും എന്താ ഇതിന്റെയര്‍ത്ഥം ?

  അങ്ങനെയൊക്കെയുണ്ടോ മ്മടെ കേരളത്തില്‍ ? തെക്കോട്ടാണോ സ്ത്രീധനം കൂടുതല്‍ ? അറ്റായതു തിരന്തോരം ഭാഗത്തൊക്കെ ഉള്ളതു പോലെ സ്ത്രീധന സമ്പ്രദായ ഇല്ലേ, പാലക്കാടും തൃശൂരുമൊന്നും ? (അല്ലെങ്കിലും സ്ത്രീധനം ഒരിടത്തും ഇല്ലല്ലൊ.. സ്വര്‍ണ്ണം, കാറ്, ഷെയര്‍ അങ്ങനെയൊക്കെ അല്ലേ ) . അതുപോലും ഇല്ലേ വടക്കോട്ടൊന്നും ? ആരെങ്കിലും അറിയുന്നവര്‍ പറഞ്ഞു തരൂ.

  ReplyDelete
 6. ഏയ്, തൃശൂരൊന്നും സ്ത്രീധനമേയില്ല. 25 ലക്ഷവും ഒരു ലാന്‍സറും മാത്രേയുള്ളൂ :)
  ഈ വടക്കരു പറയും തെക്കരു മേടിക്കുമെന്ന്. തെക്കര് പറയും വടക്കരു മേടിക്കുമെന്ന്. പിന്നെ രണ്ട് സൈഡിലും വിവരമുള്ള നല്ല ഫാമിലീസ് സ്ത്രീധനമായിട്ട് മേടിക്കൂല്ല, പക്ഷെ നോക്കീം കണ്ടും കെട്ടും :). രണ്ട് ഭാഗത്തും ഉണ്ട്. പിന്നെ ചിലയിടങ്ങളില്‍ സ്ത്രീധനമായിട്ട് മേടിക്കില്ല. അങ്ങിനെ സ്ത്രീധനം എന്ന് പറയില്ലാ‍ന്നേയുള്ളൂ.

  ReplyDelete
 7. സുജയ, പറയേണ്ട ഒരു പാട് സംഗതികള്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു. നല്ല പോസ്റ്റ്

  “ഒരു പക്ഷെ ബന്ധങ്ങള്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതു ഇവയോട്‌ അനുബന്ധിച്ചുള്ള ചില ആചാരങ്ങളാണു“
  അതിഭയങ്കരമായ ഒരു സത്യമാണ് ഇത്. ഞാന്‍ എന്റെ പല അടുത്ത ബന്ധുക്കളേയും പരിചയപ്പെടുന്നത് പല കല്യാണങ്ങള്‍ക്കും വച്ചാ.

  കേരളത്തില്‍ മൊത്തം സ്ത്രീധനം നിലനില്‍ക്കുന്നു.
  തിരുവന്തപുരത്തെ കാര്യം കുറച്ച് കഷ്ടായിട്ട് തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വന്തം വീട് പെണ്ണിന് എഴുതി കൊടുത്ത് വാടക വീട്ടില്‍ കഴിയുന്ന അച്ഛനമ്മമാര്‍ തിരുവനന്തപുരത്ത് വിരളമല്ല.

  തൃശ്ശൂരെ കാര്യം ഇഞ്ചി പറഞ്ഞപ്പോലെ പ്രേമം പോലും കിട്ടുന്ന സ്ത്രീധനം മനസ്സില്‍ കണക്കാക്കിയാവും. നേരിട്ടൊരു കശപിശ കുറവാണെന്ന് മാത്രം. ഒക്കെ ബ്രോക്കര്‍ വഴിയാണ്.

  ഇതൊക്കെയാണെങ്കിലും ഞാന്‍, മക്കള്‍ക്ക് സ്വത്ത് തുല്യമായി ഭാഗിക്കണം എന്ന് പറയുന്ന വകുപ്പിലാണേ ;)

  ReplyDelete
 8. ഡാലിയേ,അത് അവിടെ ഹിന്ദുക്കളുടെ ഇടയില്‍ പെണ്‍മക്കള്‍ക്കാണ് വീട് (ആണ്‍ മക്കള്‍ക്കല്ലാ)അതോണ്ടാണ്. പിന്നെ മരുമകന്റെ കൂടെ കഴിയണ്ടല്ലോയെന്ന് കരുതിയാണ് അവര്‍ മാറി താമസിക്കുന്നെ.

  ReplyDelete
 9. നല്ല പോസ്റ്റ്.സ്ത്രീധന പ്രശ്നം ചര്‍ച്ച ചെയ്തിട്ടും മറ്റും വിശേഷമില്ല.പിന്നെ വല്യമ്മായീ,ജമായത്തുകാരൊന്നും
  സ്ത്രീധനം വാങ്ങില്ലാന്നാണല്ലോ പറേണത്...

  ഓ.ടോ:നാം തമ്മില്‍ പരിചയമുണ്ടെന്നല്ലേ...?എനിക്കൊരു മെയില്‍ അയയ്ക്കുമോ...

  ReplyDelete
 10. സ്ത്രീധനം വേണ്ടെന്ന് പറയുന്ന നട്ടെല്ലുള്ള ചെറുപ്പക്കരെല്ലായിടത്തുമുണ്ടായിരുന്നു

  ReplyDelete
 11. നല്ല നാടന്‍ രീതിയില്‍ എഴുതിയിരിക്കുന്നു. നന്നായിരിക്കുന്നു.

  ReplyDelete
 12. മുസാഫിര്‍‌‌, ‍തെക്കരോട് എനിക്കു ഒരു വിരോധവുമില്ല. പിന്നെ വല്യമ്മായി പറയുന്ന പോലെ, വടക്കരും വാങ്ങുന്നുണ്ട്, മുസ്ലീങ്ങളും. എന്നാല്‍ ഞങ്ങളുടെ നാട്ടില്‍, തൃശ്ശൂരിനു തെക്കില്‍ നിന്നു ആലൊചന വന്നാല്‍ ഒരു നേരിയ ഭയവും, പിന്നെ തിരുവ്ന്തോരതുനിന്നായാല്‍ ആലോചന കഴിയുന്നതും ഒഴിവാക്കലാണ് പതിവു. ഈ പ്രശ്നം പാലക്കാട്ടുമുണ്ട് (അതു തമിഴഅകത്തെ പ്രഭാവം മൂലം). വള്ളുവനാട്ടിലെ നായന്മാര്‍ മാത്രമാണു ഇതില്‍ നിന്നു ഒഴിവു എന്നാണ്‍ വെപ്പും വിശ്വാസവും. സു പറയുന്ന പൊലെ കല്യാണം നടക്കട്ടെ, എന്ന കാരണം ഇതിലുണ്ട്. എന്റെ കുട്ട്യെടത്തി, ഇതാണു സത്യം.
  സ്ത്രീധനം പല രൂപത്തില്‍ - ഇഞ്ചി ( അക്ഷ്രം ഇതെങന്നെയാണു ഒപ്പിക്കുന്നതു) പെണ്ണു പറയുന്ന പോലെ; മക്കള്‍ക്കു തുല്യ പങ്ക് കൊടുക്കുന്നതു നമ്മുടെ സ്വപ്നം, ലക്ഷ്‌യം, ഡാലി, പക്ഷെ, അതു ഒരുത്തന്റെയും സമ്മര്‍ദ്ദ്ത്തിന്നു വഴങിയിട്ടു ആവരുത്‌. വിഷ്ണു, ചര്‍ചകൊണ്ട് ഒന്നിനും പരിഹാരമാവരില്ല, എന്നാലു അതു നമ്മളെ ആ പ്രശ്നത്തിന്നു നേരെ ശ്രദ്ധിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനിടയില്‍ ‘തറവാടി‘കളായ ചെറുപ്പക്കാരുണ്ട് - എനിക്കു മുസ്ലിം കൂട്ടുക്കാര്‍ തന്നെയുണ്ട്.
  ആദിത്യന്‍, ശുക്രീയ.

  ReplyDelete
 13. വള്ളുവനാടന്‍ ഭാഗത്ത് സ്ത്രീധന പരിപാടി കമ്മിയാണെന്ന് തോന്നുന്നു. സ്ത്രീധനം കിട്ടുന്ന കാശ് കൊണ്ട് ഹമ്മര്‍ വാങ്ങാമെന്ന എന്റെ മോഹം സില്‍ക് സ്മിതയെ പോലെ അകാലത്തില്‍ പൊലിഞ്ഞു. :-)

  ReplyDelete
 14. ഞങ്ങളുടെ ഭാഗത്തെ സ്ത്രീധനം എന്റെ കല്ല്യാണം വരെ 200 പവനും കാറുമായിരുന്നു.ഇപ്പോ അതില്‍ കൂടുതലാണെന്നാ പറയുന്നത്‌.പിന്നെ ഒരുകാര്യമുണ്ട്‌ നമ്മള്‍ അമ്മമാര്‍ തന്നെയാണ്‌ മകന്‌ ഇത്ര കാശും,ജോലിയും,പത്രാസും ഉള്ള പെണ്‍കുട്ടികള്‍ മകനു വേണമെന്നു പറഞ്ഞു പെണ്ണുവീടുകയറി നടക്കുന്നത്‌.ഇഞ്ചി പറഞ്ഞതുപോലെ ആളും തരവുനോക്കിയിട്ടു തന്നെയാ എല്ലാകല്ല്യാണവും നടക്കുന്നത്‌.സിരിയലുകളും,മീഡിയകളുമൊക്കെ നല്ല പ്രോത്സാഹനമല്ലെ ഇതിനു കൊടുക്കുന്നത്‌..

  ReplyDelete
 15. സുജയ, പട്ടാമ്പിയിലെ വിശേഷങ്ങള്‍ കൊള്ളാം. സ്ത്രീധനപ്രശ്നം മൂലം എത്രയോ വിവാഹങ്ങള്‍ ഇങ്ങനെ നടക്കാതെ പോകുന്നു. ഈയിടെ എന്റെ ഒരു സുഹൃത്തിന്റെ അനിയത്തി ഗള്‍ഫില്‍ നിന്നും വന്നു. അവളുടെ വിവാഹത്തിനായി പത്രപരസ്യങ്ങളും കൊടുത്തു. പക്ഷേ വന്ന ആലോചനയെല്ലാം സ്ത്രീധനപ്രശ്നത്തില്‍ മുടങ്ങി. ഇന്ന് ആ സുഹൃത്ത് വളരെ ദുഖിതനായി കഴിയുന്നു.

  ReplyDelete