Friday, February 17, 2012

മാധവൻ നായർക്കു ഒട്ടകമില്ല







"മാധവൻ നായരേ!, ഒട്ടകം എവിടേ?!"

"പൊക്കോ അവിടുന്നു!" ഗേറ്റിന്റെ അപ്പുറത്ത്നിന്നു അടുത്തുള്ള ഹൈസ്കൂളിലേക്കു പോകുന്ന ചെക്കന്മാരെ ആട്ടിക്കൊണ്ട് മാധവൻ നായർ കൈവീശി. "കുരങ്ങന്മാർ!"

മാധവൻ നായർക്കു ഒട്ടകമില്ല. ഒട്ടകം പോയിട്ടു പശുവോ, പൂച്ചയോ, ഒരു കോഴിക്കുട്ടിയെപോലും വളർത്താനുല്ല സമയം അദ്ദേഹത്തിനുണ്ടായിട്ടില്ല. അയാൾ ആകെ വളർത്തിയിരുക്കുന്നതു രണ്ട് കൂറ്റൻ ആണ് മക്കളെയാണ് - കടിഞ്ഞൂൽ - സന്ദീപ്, രണ്ടാമത്തെ, സന്തോഷ്. അവരെ അയാൾ മുറ്റത്തെ റൊസാചെടികളെ ഭാര്യ സരസ്വതിയമ്മ നോക്കുന്ന പോലെ, വെള്ളമൊഴിച്ചു, വളമിട്ടു, പിന്നെയും വെള്ളമൊഴിച്ചു, വളമിട്ടു, ആൾക്കാർ കാണുമ്പോൽ - ഹായ്!, എന്തു നല്ല മക്കളാ !" എന്നു പറയുന്ന തരത്തിൽ വളർത്തികോണ്ടുവന്നു.

അയാൾ ഒരു ശില്പിയെപോലെ താൻ രൂപംകൊടുത്ത ശില്പങ്ങളെ നോക്കിനിന്നു, കണ്ട് ആസ്വദിച്ചു, സംതൃപ്തനായി. ഇതു കണ്ട് സരസ്വതിയമ്മ പറയുമായിരുന്നു:

വല്ലാത്തൊരു മക്കൾഭ്രാന്തു!

അവൾക്കങ്ങനെ പറയാം, മാധവൻ നായർ ചിന്തിക്കും, എത്ര ബുധിമുട്ടിയാണ് അയാൾ അവരെ വളർത്തി, പഠിപ്പിച്ചു, ഉദ്യോഗസ്ഥരാക്കിയത്- കീറിയ ബനിയൻ തുന്നികൂട്ടി നടന്നാലും മക്കൾക്കു ഒരു കുറവും വരുത്താതെ നോക്കി.

മനുഷ്യരായാൽ പലതരം കഴിവുകൾ വേണമെന്നു അയാൾ വിശ്വസിച്ചു- കല/സാഹിത്യം, കായികം, എന്തെങ്കിലും -. അങ്ങനെ സന്ദീപിനെ ഗിത്താറും, സന്തോഷിനെ കീബോർഡും അഭ്യസിപ്പിച്ചു. ഇതു കൂടാതെ ചിത്രംവരയും. അയാൾ വീട്ടിൽ പുസ്തകങ്ങൾ വാങ്ങിച്ചു കൂട്ടി - വായനില്ലാത്തെ മനുഷ്യൻ അപൂർണമാണെന്നു അവരെ പഠിപ്പിച്ചു.

വല്യ മകൻ നന്നായി വരയ്ക്കും, പല മൽസരങ്ങളിലും അവൻ കഴിവു തെളിയിചു. - വരച്ച്, വരച്ച്, ഇന്നു അവൻ ചുറ്റുമുള്ളവരെ- തന്നെയും- വരച്ച വരക്കുള്ളിൽ നിർത്തുന്നുണ്ട്. വളരെ ഭംഗിയായിതന്നെ. ചെറിയ മകൻ അല്പസ്വല്പം കവിത എഴുതുമായിരുന്നു - ഇപ്പൊൾ അതിനൊന്നും സമയമില്ലെങ്കിലും, അവന്റെ ഭാര്യ പാടുന്ന കവിതയെല്ലാം അക്ഷരം പ്രതി കേൾക്കുമെന്നു സരസ്വതി പറഞ്ഞാണ് അറിഞ്ഞത്.

കായികവിനോദത്തിനും മാധവൻ നായർ പ്രാധാന്യം കൊടുത്തു. തൽ ഫലം രണ്ട് മക്കളും ഫൂട്ബാളും, ടെന്നിസ്സും കളിക്കു. ഇതിലേതായാലും അസ്സലായി പന്തു തട്ടും - ഈയിടെയായി ആ പന്തുകൾക്കു അവരുടെ അച്ചന്റെയും അമ്മയുടെയും മുഖ ഛായ യാണെന്നും മാധവൻ നായർ തെല്ലൊരു സങ്കടത്തോടെ ഓർത്തു..

ഇല്ല, മാധവൻ നായർക്കു ഒട്ടകമില്ല. എന്നാലും അടുത്ത യു.പി.സ്കൂളിലേക്കു അതു വഴി നടക്കുമ്പോൾ, ഗേറ്റിന്നു മുകളിൽ 'പി. മാധവൻ നായർ', 'ഗീതാഞ്ജലി' എന്നു വായിച്ചു കളിയാക്കുന്നുണ്ട് - ഒട്ടകത്തിന്റെ ഉടമസ്ഥൻ എന്നു.

ഒരു സിനിമ പേരിന്റെ പൊല്ലാപ്പെ! പണ്ട് ബാർബർമാരായ ബാലന്മാർക്കു സഹിക്കേണ്ടിവന്നപോലെ, ഇപ്പൊൾ മാധവൻ നായന്മാർകും ഒട്ടകങ്ങൾ ഒരു ശല്യമായില്ലെ? സിനിമാകാർക്കു ഒരു ആകർഷക ശീർഷകം വേണമെന്നെയുള്ളൂ - ബാക്കിയുള്ള ബാർബർ ബാലന്മാർക്കും, മാധവൻ നായന്മാർക്കും പരിഹാസം വിധി! ഇതിനൊക്കെ മാനനഷ്ടടത്തിന്നു കേസ്സുകൊടുക്കേണ്ടതാണ്...

ഇന്നു രാവിലെയും ചെടികൾ നനുക്കുന്ന സമയത്ത് ഒരു ചെക്കനുണ്ട് ഗേറ്റിനു മുക്കളിൽ കയറി വിളിച്ചു കൂവുന്നു -
"മാധവൻ നായരെ...., ഒട്ടകത്തിന്നു തിന്നാൻ എന്താ കൊടുക്ക്വാ....?" എന്നു.
"ഛി, പോടാ...നിന്റെ അച്ഛനോട് ചോദിക്ക്.." എന്നു പറയാമായിരുന്നു, പക്ഷെ അതു തന്റെ അന്തസ്സിന്നു ചേർന്നതല്ലാത്തതുകൊണ്ട് പകരം മെല്ലെ പിറുപിറുത്തു. അപ്പോഴുണ്ട് പിന്നിൽ നിന്നൊരു ചോദ്യം -

"പി. മാധവൻ നായരെ, നിങ്ങളുടെ ഒട്ടകം എവിടെ?" സരസ്വതിയമ്മയുടെ ചിരി അയാൾക്കൊട്ടും രസിച്ചില്ല.

"ഒന്നല്ല, രണ്ടെണ്ണത്തിനെ നീ പ്രസവിച്ചില്ലെ...എവിടെയെന്നു പോയി അന്വെഷിച്ചോ...? സരസ്വതിയമ്മയുടെ മുഖത്തെ ചിരിമാഞ്ഞ് ഇരുളുന്നതു കണ്ടപ്പോഴാണ് മാധവൻ നായർക്കു ചെറിയയൊരു ആശ്വാസം തോന്നിയതു.

വെറുമൊരു ഗുമസ്ഥനായ മാധവൻ നായർ അങ്ങട് വെച്ചും, ഇങ്ങട് വെച്ചും, മക്കളെ നല്ലവണം പഠിപ്പിച്ചു. ഒരു ശില്പിയെപോലെ രണ്ട് മക്കളെ സ്വന്തം കാഴ്ചപാടുകൾക്കനുസരിച്ചു വാർത്തെടുത്തു. ഇന്നൊരുത്തൻ ഫാർമസിസ്റ്റും, മറ്റതു ഐ.ടി. വിദഗ് ദ്ധൻ. നല്ലയിടങ്ങളിൽനിന്നു തന്നെ അവരുടെ കല്യാണങ്ങളും
നടത്തി. അപ്പോൾ നാട്ടുക്കാരും മാധവൻ നായർ എന്ന ശില്പിയെ വാഴ്ത്തി:

"ഇങ്ങനെ വേണം അച്ഛന്മാർ- മക്കളെ എത്ര നന്നായിട്ടാണ് വളർത്തിരിക്കുന്നതു, ഇനി അവർക്കു വയസ്സുകാലത്തു നോക്കാൻ തങ്കം പോലെത്തെ മരുമക്കളുമായി."
പക്ഷെ അവരിരുവരും ജോലിസ്ഥലങ്ങളിൽ കുടുംബസമേതം താമസമാക്കി.

"വയ്യാതെയാവുമ്പോൽ വരല്ലൊ, എന്തിനാ പേടിക്കുന്നതു?" - സരസ്വതിയുടെ സംശയം മാധവൻ നായർ സമാധാനിപ്പിച്ചു. അവധിയാവുമ്പോൾ, അവർ ഇവിടെത്തേക്കു വരും അല്ലെങ്കിൽ, ഇവർ പട്ടണത്തിലേക്കു മക്കളുടെ അടുത്തേക്കു പോകും.

സുഖം സുഖകരം...സരസ്വതിയൊന്നു കാൽ തെറ്റി വീഴുന്ന വരെ. സരസ്വതിയുടെ എല്ലു മാത്രമല്ല അപ്പോൾ ഒടിഞ്ഞത്.

ആദ്യം എല്ലാവരും വന്നു. പിന്നെ ഒരു കൂട്ടർ പോയി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാമത്തെ കൂട്ടർക്കും ഒരു അസ്വസ്ഥത. സരസ്വതിയെ അവരുടെ കൂടെ കൊണ്ടുപോവട്ടെ എന്നായി. ആ നീക്കം മാധവൻ നായർ ആദ്യമെ തടഞ്ഞു. മക്കളെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് അധികം താമസിയാതെ അവരെ വിട്ടു, മാധവൻ നായർ തന്നെ ഭാര്യയുടെ ചുമതലയേറ്റു.

"ഇതിപ്പോൾ നിങ്ങക്കു ബുദ്ധിമുട്ടായി - ഞാൻ അവരുടെ കൂടെ പോയാ മതിയേരുന്നു,ല്ലെ?" സരസ്വതി വ്യസനിച്ചു.

"എന്താ അതിന്റെയൊക്കെ ആവശ്യം - അവരെ ബുദ്ധിമുട്ടിക്കണ്ട. നീ പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്കു്...?"

"നിങ്ങൾക്കും വരാലൊ."

അതു മാധവൻ നായർക്കു ഇഷ്ടമായിരുന്നില്ല. "അവനവന്റെ വീട് തന്നെ സ്വർഗം" എന്നയാൾ ഇടയ്ക്കിടെ പറഞ്ഞു.

"നടക്കാൻ കഴിയുന്ന വരെ മാത്രം..."സരസ്വതിയമ്മയും ഓർമിപ്പിച്ചു.

അതിനു ശേഷം ഇരുവരും അടിവച്ചടിവച്ചാണ് നടക്കുന്നത്. അടി തെറ്റിയാൽ....? അനുഭവം ഗുരു. മാധവൻ നായർക്കു സരസ്വതിയമ്മയെയും, തിരിച്ചും വളരെ അധികം ശ്രദ്ധിച്ചു.

"വയസ്ൽപ്പോൾ, അച്ചനും അമ്മ്യ്ക്കുമിടയിൽ സ്നേഹം വർധച്ചിരിക്കുന്നു, അല്ലെ. മക്കൾ അന്യോന്യം പറയുന്നത് കേട്ടപ്പോൾ, സരസ്വതിയമ്മക്കു പറയണം എന്നു തോന്നി - പുതിയ സ്നേഹമല്ല മക്കളെ - ഭയമാണ്." ചില്ലറ ബുദ്ധിമുട്ടുകൾക്കൊന്നും മക്കളെ വിളിക്കില്ലെന്നും തീരുമാനിച്ചു.

ഓണത്തിന്നു ഒട്ടകങ്ങളെല്ലാവരും കൂടി. അവിട്ടത്തിനു ചെറിയമക്കളെ പുറത്തെക്കു കളിക്കാൻ വിട്ട്, ഒരു മുഖവരയുമില്ലാതെ വല്യ മകൻ സന്ദീപ് പറഞ്ഞു:

"നമ്മകു ഈ വീടും സ്ഥലങ്ങളും വിറ്റാലൊ അഛാ... നിങ്ങൾക്കു നല്ല്ലൊരു സ്റ്റുടിയൊ ഫ്ലാറ്റ് വാങ്ങാം. പിന്നെ ഞങ്ങൾക്കും പ്രാരാബ്ദ്ധങ്ങളായില്ലെ.. എന്തെകിലും കിട്ടിയാൽ ഞങ്ങൾക്കും സ്വന്തമായി ഒരു വീടൊക്കെ നോക്കാമായിരുന്നു." പിന്നെ സന്തോഷായി ബാക്കി. അവസാനം:

"നിങ്ങൾക്കു എന്തെകിലും ആവശ്യം വന്നാൽ ഞങ്ങൾ അടുത്തുണ്ടാവുകയും ചെയ്യും, ആലോചിട്ട് മതി."

ദേഷ്യവും സങ്കടവും മുഖത്തിന്റെ നിറമൊരു തക്കാളിയെപോലെ ചുവപ്പിച്ചുവെങ്കിലും സരസ്വതിയ്മ്മയുടെ മുഖത്തെ താകീത് മനസ്സിലാക്കി, പെട്ടെന്നു അവിടെനിന്നു എണീട്ടു. "ആലോചിക്കാം.." എന്നു മാത്രം പറഞ്ഞു.

പറ്റില്ല എന്നു മാധവൻ നായർ പല പ്രാവശ്യവും സരസ്വതിയമ്മയോടു പറഞ്ഞു. ഇത്ര കാലം അവർക്കു വേണ്ടി ജീവിച്ചു. എപ്പോഴുമില്ലല്ലൊ, ഇടയ്ക്കു വല്ല ആവശ്യം വരുമ്പോൾ കുറച്ചു ലീവെടുത്തുകൂടെ. രണ്ട് മരുമക്കൾക്കും ഉദ്യോഗം പോലുമില്ല. എന്നിട്ടാണ്. മക്കൾക്കു വേണ്ടി എത്ര ലീവാണ് ബാക്കിയുള്ളവരെടുത്തിരിക്കുന്നതു. ജലരേഖകൾ!

മക്കളെ പിണക്കരുതു, വരും വരായ്കളെ കുറിച്ചു ഓർക്കണം, എന്തു തീരുമാനമെടുത്താലും സ്വീകരിക്കുമെന്നു സരസ്വതിയമ്മ ഭർത്താവിനോട് പറഞ്ഞു. എന്നാലും മക്കളെ പിണക്കരുത്. ഇതു മാത്രമായിരുനു അവരുടെ നിർദ്ദേശം. പിന്നെ ഇനിയൊരിക്കൽ കുട്ടികൾ ചോദിക്കുംമ്പോൾ മാത്രം ഉത്തരം പറഞ്ഞാൽ മതിയെന്നും.

തന്റെ ഏതു തീരുമാനത്തിലും കൂടെ നിക്കാമെന്നേറ്റ സരസ്വതിയമ്മയുടെ നിർദ്ദേശം അയാളും സ്വീകരിച്ചു. അക്ഷമയോടെ...

പ്രതീക്ഷിച്ചപോലെ അവർ വിളിച്ചു ചോദിച്ചതൊന്നുമില്ല. പിന്നീട് ഞാറാഴ്ചകളിൽ വരുമ്പോഴും ഇതിനെ കുറിചു അവരാരും പരാമർശിച്ചില്ല:
പക്ഷെ മാധവൻ നായരുടെ തലയിൽ എന്നും എപ്പോഴും മക്കളോട് മറുപടി പറയുന്നാ രംഗം ആയിരുന്നു. അതിന്റെ സംഭാഷണവും, ലൊകേഷനും എല്ലാം അയാളുടെ മനസ്സിൽ ആവർത്തിച്ചു. അയാൾ ധൈര്യം സംഭരിച്ചുകൊണ്ടിരുന്നു.

"എന്തു വന്നാലും ശരി, സമ്മതിക്കില്ല. വയ്യാതെയാവുമ്പോഴല്ലെ... മാധവൻ നായർക്കു വയ്യാതെയായാൽ സരസ്വതിയമ്മ നോക്കും, സരസ്വതിയമ്മക്കു വയ്യാതെയായാൽ മാധവൻ നായർ നോക്കും. കൊടുക്കില്ല. എന്തു വന്നാലും കൊടുക്കില്ല.

അതോ ഇനി ആ പറമ്പ് കൊടുക്കണോ? അവർകുള്ളതല്ലെ? വീടു വെയ്ക്കാനൊ വാങ്ങാനൊ സഹായമാവും. ഏയ്, അതു വേണ്ട- എന്തെങ്കിലും മാരക രോഗം വന്നാൽ, ചികിത്സിക്കാൻ കാശ് വേണ്ടെ?" അലോസരപ്പെടുത്തിക്കൊണ്ട് ചിന്തകൾ എപ്പോഴും അയാൾക്കു ചുറ്റും പറന്നുലാത്തി.

അയാൾക്കു സങ്കടം വന്നു. ഈ വയസ്സുക്കാലത്ത് , തന്നെ, ഇങ്ങനെ ഒരു ധർമ്മസങ്കടത്തിൽ ആക്കിയല്ലോ എന്നോർത്ത്.

വിഷു അവധിക്കു വരുന്നുണ്ടെന്നു വിളിച്ചു പറഞ്ഞപ്പോൾ സരസ്വതിയമ്മ പറഞ്ഞൂ,

"ഇക്കുറി ചോദിക്കും. തയാറായിക്കോളു."

കിടക്കാൻ നേരത്തു മാധവൻ നായർ ഒന്നുകൂടി ഉറപ്പിച്ചു - "സരസ്വതി, നാളെ ഞാൻ അവരോട് പോയി പണി നോക്കാൻ പറയും. ഇതു വിറ്റ് പോവുന്ന പ്രശ്നമില്ല."

"ദേ, എനിക്കു ഒന്നെ പറയാനുള്ളു -മക്കളെ പിണക്കരുത്."

വന്നതിന്റെ മൂന്നാം ദിവസം ടിവിക്കു മുൻപിൽ ഇരിക്കുംമ്പോൾ സന്ദീപ് പെട്ടെന്നു ചോദിച്ചു -

" ഞങ്ങൾ പറഞ്ഞ കാര്യം എന്തായി? ഒരു ചെറിയ ഫ്ലാറ്റ് കണ്ട് വെച്ചിട്ടുണ്ട്. സന്തോഷിന്റെ ഫ്ലാറ്റിൽ നിന്നും ഒരു ഇരുനൂർ മീറ്റ്ർ അകലത്തിൽ. അഡ്വാൻസ് കൊടുത്തു..."

മാധവൻ നായർ തീരുമാനിച്ചുറപ്പിച്ച ഡയലോഗിനു വേണ്ടി മനസ്സിൽ പരതി, ആർഗ്യുമെന്റ്സ് അവതരിപ്പിക്കേണ്ട രീതി; എല്ലാം മനപാഠമായിരുന്നു. അയാളുടെ മനസ്സിലൂടെ പോയ കാലങ്ങളും വരും കാലങ്ങളും എല്ലാം ഒരു സിനിമയുടെ പ്രന്മോഷൻ സ്റ്റിൽസ് പോലെ പെട്ടെന്നു മറഞ്ഞുകൊണ്ടിരുന്നു.

കൺകോണിലൂടെ സരസ്വതിയമ്മയുടെ ആകാംക്ഷ നിറഞ്ഞ മുഖവും പതിഞ്ഞു. മാധവൻ നായർ ഒരു ദീർഘശ്വാസമെടുത്തു...

"ങ, ഞങ്ങൾക്കു വയസ്സായി. ഇനി നിങ്ങൾ എന്താന്നുവെച്ചാൽ തീരുമാനിച്ചോള്ളൂ....

സരസ്വതിയമ്മ തിരിഞ്ഞു അടുക്കളയിലേക്കു നടന്നു -

"ശീലിച്ചതല്ലെ പാലിക്കൂ", അവർ പിറുപിറുത്തു.