Thursday, December 14, 2006

നിരീശ്വരവാദത്തില്‍ നിന്നു ഈശ്വരനിലേക്കു: ഒരു ആത്മീയ യാത്ര

എന്റെ ആത്മീയ യാത്ര, ഏഴാം വയസ്സില്‍, ചിന്മയ മിഷന്‍ നടത്തുന്ന ബാല വിഹാര്‍ ക്ലാസ്സില്‍നിന്നു ഗീതയുടെ 12 - ആം അധ്യായം - ചൊല്ലിക്കൊണ്ടാണു തുടങ്ങിയതു. പിന്നീടെപ്പോഴോ, ജീവിതത്തില്‍ നിന്നു സുഖങ്ങളുടെ പുതപ്പു മാറാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും, വിവേകാനന്ദനും, പരമഹംസനും. എന്നിട്ടും ഒന്നും തന്നെ പിടി കിട്ടാതെ പകച്ചു നിന്നപോള്‍, നിരീശ്വരവാദം.

നിരീശ്വരവാദത്തിന്റെ ഉല്‍ഭവം തന്നെ സ്വാര്‍തഥയില്‍നിന്നല്ലെ. നമുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങല്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.പക്ഷെ മനുഷ്യ മനസ്സിനു തീര്‍ത്തും നിരീശ്വരവാദിയാകാന്‍ സാധിക്കില്ലെന്നു ഞാന്‍ പഠിച്ചു. എങ്ങെനെയാവാന്‍? ഈ പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിചു അല്‍പമെങ്കിലും ചിന്തിക്കുന്നവനാണെങ്കില്‍, അവനു അതിനു കഴിയില്ല. ഓരൊ പ്രഭാതവും, മദ്ധ്യാഹ്നത്തിന്നു വഴി മാറുന്നു, സന്ധ്യ പതുങ്ങി എത്തുന്നു, മെല്ലെ രാത്രിയുടെ ഇരുട്ടില്‍ മുങ്ങി മറയാന്‍. കൊടും ഗ്രീഷ്മം, വര്‍ഷത്തിനു വഴി മാറുന്നു. സൂര്യകിരണങ്ങല്‍ കര്‍ക്കിടത്തിന്റെ മേഘക്കൂട്ടുകള്‍കിടയില്‍ നിന്നു തെളിയുന്നു, ഓണപ്പൂക്കള്‍ വിടരുകയായി. പിന്നെ തുലാ വര്‍ഷം, ഇടി മഴ, എന്നാല്‍ ചിലപ്പോള്‍ ഒന്നു നനച്ചു മാത്രം പോകും. തിരുവാതിരക്കാറ്റു വീശി, പുറകെ മകര ക്കുളിര്‍ മഞ്ഞ്‌ മൂടിയ പ്രഭാതങ്ങള്‍. അതു ഒരു മറയാണു. ഉച്ചവെയിലില്‍ ഉണങ്ങാന്‍ തുടങ്ങുന്ന പരിസരങ്ങളെ ഒന്നു തഴുകാന്‍. വീണ്ടും ഗ്രീഷ്മം വരവായി. എത്രയും താളാത്മകമായി പ്രകൃതിയുടെ ചരടുകള്‍ ആരു വലിക്കുന്നു, എന്നു ചിന്തിക്കാത്ത മനുഷ്യര്‍ എത്ര നിര്‍ധനരാണ്‌.

നിരീശ്വരവാദത്തിന്റെ ഉത്‌ഭവം തന്നെ സ്വാര്‍ത്ഥതയില്‍നിന്നല്ലെ. നമ്മുടെ സ്വന്തം ആവശ്യങ്ങളോ, അല്ലെങ്കില്‍, നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോഴാണു പലര്‍ക്കും, നിരാശയില്‍ നിന്നു നിരീശ്വരവാദം ഉണരുന്നതു.

ഈ മഹാപ്രപഞ്ചത്തെ ഒരു എറര്‍ കോടും ഇല്ലാതെ പ്രോഗ്രാം ചെയ്ത ആ മഹാശക്തിക്കു മുന്നില്‍ നാം എത്ര നിസ്സാരം എന്നു മനസ്സിലാക്കാന്‍ വൈകിയതെന്തേ? എപ്പൊഴും ഞാന്‍, എന്റെ, എന്നു മാത്രം ചിന്തിക്കുന്ന എന്റെ സ്വാര്‍ത്ഥത ഞാന്‍ മനസ്സിലാക്കാന്‍ എത്ര വൈകി.

ഇതെല്ലാം വലിയ ചിത്രത്തിന്റെ ഭാഗങ്ങള്‍ മാത്രം.ഓരോ ജീവിതവും വ്യത്യസ്തമാണു. എന്നാല്‍ എല്ലാ ജീവിതങ്ങളും, ഇഴ കോര്‍ത്ത കണ്ണികളെപോലെ ചേര്‍ന്നു കിടക്കുന്നില്ലേ?

ഇന്നു ഹൈവേയില്‍ കാര്‍ ആക്സിഡെന്റില്‍ മരിച്ചതു എന്റെ സുഹൃത്തുക്കളായിരുന്നു. എതിരെ നിയന്ത്രണം വിട്ടു പാഞ്ഞു വന്ന വണ്ടിയിലെ ഡ്രൈവര്‍ നിങ്ങളുടെ സഹോദരനായിരിക്കാം. ഇന്നു വരെ തീര്‍ത്തും അപരിചിതരായ നമ്മള്‍ ഒരു അജ്ഞാത നിമിഷത്തില്‍, ഒരേ ദുരന്തത്തിന്റെ വ്യത്യസ്ത കണ്ണികളായി. ഇതു പോലെ തന്നെ, രസകരമായ അനുഭവങ്ങള്‍, വിവാഹങ്ങള്‍... എന്തിനു, മുറ്റത്തു നില്‍ക്കുന്ന പ്ലാവു പോലും ജീവിതത്തിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഈ ബന്ധം, ആ ചരടു, പ്രപഞ്ചത്തെയും, നമ്മെയും, ചേര്‍ത്തിണക്കുന്ന ആ അജ്ഞാത ചരടു തന്നെ ഈശ്വരന്‍.

ഈ ഈശ്വരനെ അമ്പലങ്ങളില്‍ കിട്ടില്ല, അകത്തേക്കു നോക്കു, പിന്നെ പ്രകൃതിയിലേക്കും. ഒരു പ്രേരണക്കു, ഭഗവദ്‌ ഗീത ഒന്നു വായിച്ചു നോക്കാം, നല്ല ഒരു വ്യാഖ്യാതാവിനെ കണ്ടെത്തിയാല്‍ മാത്രം--- സംസ്കൃതം വളച്ചൊടിക്കാന്‍ എളുപ്പമാണേ.അതു സാധ്യമല്ലെങ്കില്‍, പോട്ടെ. ഈ പ്രപഞ്ചം തന്നെയല്ലെ ഈശ്വരന്‍ എന്നൊന്നു വിലയിരുത്തി നോക്കു.

ജീവിതം തന്നെ ആത്മീയ യാത്രയായി മാറ്റാം. അവസാനിക്കാത്തൊരു യാത്ര.