ഒരു വാതില്‍ അടഞ്ഞു - ഒരു വാതില്‍ തുറന്നുകൊണ്ട്. പുതിയ കൊല്ലം വരവേല്‍ക്കാനായി പഴയ വര്‍ഷം ഒരു നെടുവീര്പോടെ നീങ്ങുമ്പോള്‍ ജീവിതം മെച്ചപെടുത്താന്‍ ഞാന്‍ ചിന്തിച്ചു പുതിയ തീരുമാനങ്ങള്‍ - "റെസൊല്യൂഷന്‍" എടുക്കാറുണ്ടായിരുന്നു, കഴിഞ്ഞവര്‍ഷം വരെ.
അമിത ഭക്ഷണം, നുണ പറച്ചില്, പരദൂഷണം, മൂക്കില്‍ കയ്യെടുന്നതു, നഖം കടിക്കുന്നതു, എത്ര ദുശ്ശീലങ്ങളാണ് മനുശ്യര്കുള്ളതു. ഇത്യാദി പലതും നിര്‍ത്തുമെന്ന ദൃഡ പ്രതിജ്ഞ ജീവിതത്തിന്റെ പല പുതുവല്‍സര ഘട്ടങ്ങളിലും എടുത്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഞാന്‍ തിരഞ്ഞെടുത്ത രണ്ടു റെസൊല്യൂഷന്‍സ് : ഒന്നു: ദെഷ്യം നിയന്ത്രിക്കുക; രണ്ടാമത്തേത് ഭക്ഷണ നിയന്ത്രനം.എന്നെ സംബന്ധിച്ചിടത്തോളം ഒന്നു തന്നെ ഒരു ഹിമാലയന്‍ സാഹസമാവുമെന്നു അറിയാഞ്ഞിട്ടല്ല. പക്ഷെ കാര്യങ്ങളുടെ കിടപ്പു അവ രണ്ടും തരുന്ന സമാധാനവും, ആരോഗ്യവും, ഈ ശ്രമം അത്യന്താപേക്ഷിതമാക്കി. പിന്നെ നിസ്സാര കാര്യങ്ങല്‍ നടത്തുവാന്‍പോലും വില്‍പവര്‍ ഇല്ലാതെ ജീവിച്ചെന്തു കാര്യം എന്നു ഓര്‍ത്തു പോയി.
തയാറെടുപ്പായി ഒരു ഡയറ്റ് ചാര്‍ട്ടുണ്ടാക്കി ഫ്രിഡ്ജിന് മേല്‍ തൂക്കി.
ആപ്പോള്‍ ആ വഴി വന്ന മൂത്തവള്‍ ചൊദിച്ചു - ഇതെന്താണമ്മേ?അമ്മ നാളെ തൊട്ടു സ്ട്രിക്ട് ഡയട്ടിങ്ങില്ലാണട്ടൊ.
അവളുടെ ചില നേരത്തെ മുഖഭാവം കാണുമ്പോള്‍, ഒന്നാമത്തെ റെസൊല്യൂഷന്‍ വിടരും മുമ്പെ പൊലിഞ്ഞു പോവും എന്നു കരുതി നിയന്ത്രണം പാലിച്ചു.
അച്ഛാ, അമ്മേ, നാളത്തൊട്ടേ.... വിളിച്ചു കൂവികൊണ്ടാണു അവള് പോയതു. അടുത്ത മുറിയില്‍ നിന്നു ഉയര്‍ന്നു വന്ന ചിരിയും, കോലാഹങ്ങളും, എവിടെയൊ എന്റെ അഭിമാനത്തെ വ്രണപെടുത്തികൊണ്ട് എന്നില്‍ വാശി കൂട്ടി. താമസിയാതെ തന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഞാന്‍ നിരസിച്ചു. ഇതൊരു പ്രെസ്റ്റീജ് പ്രശ്നമായി മാറിയിരുന്നു.
ഒന്നാമത്തെ റെസൊല്യൂഷന്‍ രാവിലത്തെ തിരക്കില്‍ ഞെളിപിരിക്കൊണ്ടു മരിച്ചു. ഒരു ക്രിസ്തുമസ് വെക്കെഷന് കഴിയുമ്പൊഴെക്കും സ്കൂളില്‍ പോകുന്ന കുട്ടികളുടെ വീട്ടില്‍ പെന്‍സിലില്ല, രബ്ബര് ഇല്ല... ഇടാനുല്ല യുണിഫോം പോലും ഇല്ലാതെ വന്നപ്പോള്‍, പിടിച്ചിട്ടും കിട്ടിയില്ല. ദേഷ്യം ഒരു ആവശ്യമായ റിലീസ് അല്ലെ എന്നു സമാധാനിച്ചുകൊണ്ടും, പിന്നെ ഈ റെസൊല്യുഷന്‍ ഞാന്‍ പബ്ലിക്ക് ആക്കിയിരുനില്ലാത്തതുകൊണ്ടും, അതിന്റെ അകാല മരണം വാറ്ത്താ പ്രാധാന്യം നേടിയില്ല, മാനഹാനിയും സംഭവിച്ചില്ല
പക്ഷെ ഡയറ്റ് തികച്ചും വ്യത്യസ്തമായൊരു ഇഷ്യു ആയിരുന്നു. അമ്മയുടെ ഡയറ്റ് അച്ചനും മക്കളും ഒരു ആഘൊഷമാക്കി മാറ്റി - എന്നും വിവിധ ഭക്ഷണങ്ങളോടെ. എന്നു വെരുമ്പോള് പഫ്ഫ് പേസ്റ്റ്രി, കേക്ക്....എന്നാലും ഞാന്‍ പ്രലോഭനങ്ങളില്‍ പെടാതെ പരിശ്രമിച്ചു. അമ്മ തടിച്ചു വീര്ത്തതായാലും, സുന്ദരി തന്നെ, അമ്മ കഴിച്ചോളു, നീ അത്രക്കൊന്നു തടിയില്ല, കഴിച്ചൊ... എതിര് ഭാഗത്തുനിന്നും പല ക്ഷണങ്ങളും ഞാന്‍ ചെവി കൊണ്ടില്ല.
ങുഹൂം... ഞാന്‍ വീണില്ല...ആദ്യത്തെ രണ്ടു ദിവസം ഒരു വന്‍ വിജയമായിരുന്നു. എന്തൊരു ആത്മാഭിമാനം. രണ്ട് ഇഡ്ഡളി, ഒരു ദോശ, ഒരു കപ്പു ചോറു, സലാഡ് - ഇതൊക്കെയായിരുന്നു ഫ്രിഡ്ജിന്റെ മുകളിലെ ചാര്‍ട്ടില്‍. വീട്ടില്‍ നിയന്ത്രണത്തിന്റെ ഒരു ആഘോഷമായിരുന്നു. ഇടക്കു വീട്ടുക്കാരുടെ ആകാഷത്തെക്ക്കൊരു നോട്ടം മാത്രം എന്നെ അസ്വസ്തമാക്കിയെങ്കിലും - അവരുടെ പുഛവും, മുന്‍ വിധികളും ഞാന്‍ തികച്ചും അവഗണിച്ചു.നിങ്ങള്‍ ചിരിക്ക്കൊന്നും വേണ്ട... എന്നെ എന്റെ പാട്ടിന്നു വിട്ടേയ്ക്കു.
രണ്ടു ദിവസം കൊണ്ട് തന്നെ മടുത്തു. പ്രത്യേകിച്ചും ഓഫിസില്‍, നാലു മണിക്കു വാങ്ങുന്ന, പഴം പൊരിയും, വടയും, ചായയും. എന്നാലും വിട്ടു കൊടുത്തില്ല. ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്കു വയ്യാതെയായി ഞാന്‍ ഇവയെ എന്റെ ടയറ്റില്‍ ഉള്‍പെടുത്തി. പകരം രാത്രി ഭക്ഷണം കുറക്കാം എന്നും ഉറച്ചു.അന്നു രാത്രി ഒരു ചപ്പാത്തിയില്‍ ഒതുക്കി. പക്ഷെ ഏകദേശം മൂന്നു മണി ആയപ്പോള്‍, തെരുവു നായക്കള് ഓളിയിടുന്നപോലെ എന്റെ വയര്‍ ഉറക്കം കെടുത്തി - രാത്രിയുടെ അന്ത്യ യാമങ്ങളില്‍, ബ്രഹ്മ മുഹൂര്‍തതിനു തൊട്ടു മുമ്പെ, ഫ്രിഡ്ജില്‍ നിന്നു ഒരു ചപ്പാതിയും കൂടി.
ഒളിച്ചും പാത്തും കട്ടും കഴിക്കല്‍ ഒരു ശീലമായതു കൊണ്ടാവാം, ജനുവരി 15 നു എന്റെ തൂക്കം ഒന്നു കൂടി. എന്നാലും ഞാന്‍ മിണ്ടിയില്ല.എന്റെ റെസൊല്യുഷന്റെ ദൃഡത പോയിരുന്നു. പക്ഷെ എങ്ങനെയാണു പരാജയം മാനഹാനിയില്ലാതെ സമ്മതിക്കുക. അതായിരുന്നു പ്രശ്നം.അല്ലെങ്കിലും, ഡിസംബര്‍ 31 -ഉം ജനുവരി 1 -നും തമ്മില്‍ കേവലം ഒരു നിമിഷത്തിന്റെ അന്തരമല്ലെ യുള്ളു. 11:59 12:00 മണി ആവുമ്പോള്‍, ഒരു പുതു വര്‍ഷം പിറക്കുന്നു. ആ ഒരു നിമിഷത്തിനു വേണ്ടി എന്തിനീ പെടാപാട്. ഒരു നിമിഷത്തില്‍ ഒരു മനുഷ്യനു മാറാന്‍ ഒക്കുമൊ...എന്റെ മനസ്സില്‍ തര്‍ക്കങ്ങളുടെ ഒരു മീമാംസ. കേക്കില്ലാതെ, ചോകൊലേറ്റില്ലാതെ, ദിവസങ്ങള്‍ ഞാന്‍ എങ്ങനെ സഹിക്കും. പക്ഷെ എങ്ങനെയാണു പരിഹാസപാത്രമാവാതെ മുഖം രക്ഷിക്കുക.
എന്തായാലും കാര്യങ്ങള്‍ ഒരു കലാശത്തിലെത്തിക്കാനായി ഒരു ചൊകൊലേറ്റ് കേക്ക് ഫ്രിഡ്ജില്‍ പ്രത്യക്ഷപെടുന്നു. അച്ഛനും മക്കളും വീട്ടിലില്ലാത്ത നേരം. എന്താണാവൊ അതിന്റെ ഉല്ഭവത്തെകുറിച്ചു ചിന്തിക്കാതെ സകല നിയന്ത്രണങ്ങള്‍ കാറ്റില്‍ പരത്തിയിട്ടു ഞാന്‍ അതിനെ അക്രമിച്ചു, കീഴ്പെടുത്തി.
ബാക്കിയുള്ളതു ഫ്രിഡ്ജിലേക്കു വെക്കാന്‍ ഒരുങ്ങിയപ്പോള്‍, ഒരു എന്വെലോപ് ഫ്രിഡ്ജിന്നുള്ളില്(?)ഉള്ളില്‍ നിന്നു ഐശ്വര്യ റായിയുടെ ചിത്രം, ഒരു അടിക്കുറിപ്പോടെ...
"ഞങ്ങള്‍ക്കു നീ ഇതിലും എത്രെയോ സുന്ദരി..."
അന്നു രാത്രി പീറ്റ് സാ ഹട്ടില്‍ നിന്നും പാര്‍സല്‍...