Thursday, September 27, 2012

ഒരു കഥയുടെ സഞ്ചാരപഥങ്ങൾ


ഇതിലെ കഥാപാത്രങ്ങൾക്കു ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ മരിച്ച ആരെങ്കിലുമായി എന്തെങ്കിലും സാമ്യത ഉണ്ടെങ്കിൽ...

എന്തു ചെയ്യാം- കഥ എന്നതു പൂർണമായി ഭാവനയിൽ നിന്നു ഉടലെടുക്കുന്നൊരു സൃഷ്ടിയല്ലെന്നാണ് എന്റെ ഉറച്ച അഭിപ്രായം.  എന്റെ മാത്രമല്ല ഈ കഥയിലെ നായികയായ അഖിലയുടേതും.  അതുകൊണ്ടായിരിക്കാം അവൾ തുടക്കം മാത്രമുള്ള കുറെ കഥകൾ കോറിയ പുസ്തകതാളുകൾക്കിടയിൽ വിലപ്പിച്ചു  കഴിയേണ്ടി വന്നതു. പര്യവസാനത്തിലേക്കെത്താൻ ആകാതെ, കുറെ കഥാശകലങ്ങൾ അവളുടെ മുഖത്തേക്കു ചോദ്യ ഭാവത്തോടെ നോക്കിനിക്കും.  അനുഭവം, അഥവാ അതിന്റെ അഭാവം, അതാണ് കാര്യം.
എത്ര കാലമായി നാല് ചുമരുകൾക്കു ഉള്ളിൽ  അടയിരിക്കുന്നു.  പുസ്തകം വായിച്ചാൽ അനുഭവം ആകുമൊ.  ഇല്ല. പരിമിതമായ അനുഭവങ്ങളിൽ നിന്നും എന്തു കഥയാണുണ്ടാവുക.

പിന്നെ വാസ്തവികത്വം ഏഴയലത്തുക്കൂടെ പോകാത്ത ഹാറി പോട്ടർ കഥകൾ പോലെ വല്ലതും ചമയ്ക്കണം. അതാണേൽ അഖിലയുടെ 'സ്വം' ത്തിനെതിരും. ഇത്ര ബോറൻ കഥകൾ  എങ്ങനെ ഇത്ര ജനപ്രീതി നേടി എന്നു പലപ്പോഴും അഖില ചിന്തിയ്ക്കാരുണ്ട്.  അസൂക്കൊണ്ടാണോ?  ഏയ്, അതൊന്നും അല്ല; അവരുടെ ഭാവനയെ ഞാൻ സമ്മതിക്കുന്നു - അവൾ സമാധാനിക്കും- പക്ഷെ ഇങ്ങനത്തെ സൃഷ്ടികളോട്  ഒട്ടും തന്നെ താല്പര്യമില്ല.   ജീവിതപാതയിൽനിന്നു ജീവനുള്ള കഥാപാത്രങ്ങൾ ജീവിക്കുനിടം അതാണ് കഥ.

ആകെയൊരു  സമാധാനമുള്ളതു ഒരു ബ്ലൊഗാണ്.  മനസ്സിനുള്ളിൽ നിന്നു ചിലപ്പോൾ ഉണർന്നുവരുന്ന ഒരു കഥ പോസ്റ്റ് ചെയ്യുമ്പോൽ ഇടയ്ക്കെങ്കിലും ഒന്നോ രണ്ടോ കമെന്റ്  കിട്ടും- അതു കാണുമ്പോൾ അഖിലക്കു വല്ലാത്തൊരു സന്തോഷം തോന്നും. കൊചു കൊച്ചു സന്തോഷങ്ങളെകൊണ്ട് വലിയ ആഗ്രഹങ്ങളെ ശമിപ്പിക്കുന്നു പാവം മനുഷ്യരിൽ ഒരുവൾ നമ്മുടെ അഖില.

ഇനി റയിൽ വേ സ്റ്റെഷൻ:

അങ്ങനെ അനുഭവങ്ങളെ തേടിയാണ് ഈ യാത്ര റെയിൽവേ കാന്റീനിൽ എത്തി നിൽക്കുന്നതു.  പുറത്തു പ്ലാറ്റ്ഫോമിൽ വണ്ടി വരുന്നതും പോവുന്നതുമായ ആരവം, അതിനു മുകളിൽ മനുഷ്യർടെ പല ശബ്ദവികാര പ്രകടനങ്ങൾ; ഇടയിലൂടെ ചായയും കാപിയും ചാപ്പിയും ചെവിയിലൂടെ ഒഴുകിയെത്തുന്നു - എല്ലാത്തിന്നും മുകളിലൂടെ, യാത്രകാരുടെ ശ്രദ്ധ പിടിച്ചു വാങ്ങാൻ പാടുന്ന അനൗൺസ് മെന്റ്. എല്ലാ ശബ്ദങ്ങളും ലയിച്ചാൽ അതു ആദിശബ്ദമായ ഓംകാരമായി ഭവിക്കുന്നുണ്ടാവും, അഖില ചിന്തിച്ചു - ഏഴ് നിറങ്ങളും ഒന്നായി കലർന്നാൽ വെള്ള നിറമാവുന്ന പോലെ.  ഈ പ്രപഞ്ചത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്  എല്ലാം ഒരു പൂർത്തീകരണത്തിലെത്തുന്നു. ഒന്നു ഒഴിച്ച് :അഖിലയുടെ കഥാശകലങ്ങളും തെളിയാത്ത കഥാപാത്രങ്ങളും.

കാന്റീനിലെ മേശയ്കരികിൽ ബേററെ കാത്തിരുന്നുകോണ്ട് അഖില ചുറ്റും കണ്ണോടിച്ചു -
അടുത്ത ടേബിളിൽ മദ്ധ്യവയസ്സിന്റെ വക്കിനു് എത്തി നിൽക്കുനൊരു യുവ ജൊടി  അഖിലയുടെ എതിർവശത്തു വന്നിരുന്നു.  ഭാര്യയും ഭർത്താവും തന്നെ, അഖില ഉറപ്പിച്ചു. അതൊരു വലിയ കാര്യമല്ല - ദീർഘ കാലം ഒരുമിച്ചു ജീവച്ചവർക്കിടയിൽ ഒരു മുശിപ്പൻ സുപരിചയം നിലനിൽക്കുന്നുണ്ടാവും -കണ്ണുകളിലേക്കു നോക്കാതെയാവും അവർ സംവദിക്കുക. തന്റെ പങ്കാളിയുടെ കണ്ണിന്റെ നിറമേതെന്നു ചോദിച്ചാൽ പോലും പഴയ കാല സ്മരണകളിലേക്കു ചികഞ്ഞ് നോക്കേണ്ടി വരും - അഖിലയുടെ ഊഹം ശരിവച്ചുകൊണ്ട് ആ സ്ത്രീ ഉറക്കെ അയാളോട്  ആജ്ഞാപ്പിച്ചു - "എന്ന പണ്രീങ്ക അങ്കെ ഇങ്കെ പാത്ത് നിക്കാതെ ഉക്കാരുങ്കൊ"

ഇതു കഷ്ടം തന്നെ - അയാളെ കണ്ടാൽ ഒരു ജെന്റിൽമാൻ, അവർക്കാണെങ്കിൽ ആകെയൊരു അപരിഷ് കൃത ഭാവം. അയാൾ ഒരു തനി എക്സിക്യൂട്ടിവ് പോലെ നീല സ്റ്റ്റൈപ് ഷർട്ടും, കടും നീല പാന്റ്സും ധരിച്ചിരിക്കുന്നു,  മൂക്കിൻന്മേൽ ഇരിക്കുന്ന സ്വർണ്ണ ഫ്രെയിം കണ്ണടയ്ക്ക് മുകളിൽ നെറ്റിയിൽ തെളിഞ്ഞ് വരുന്ന ചിന്താ വരകൾ.   അയാളുടെ കട്ടിയുള്ള കറുത്ത മുടിയെ അപഹസിച്ചുകൊണ്ട് താടിയിൽ പുതുമഴയിൽ മുളച്ച പുൽനാംബുകളെപോലെ വെളുത്ത രോമങ്ങൾ വിളയുന്ന കുറ്റിതാടി.  കണ്ടാൾ ഒരു ദീർഘ യാത്ര കഴിഞ്ഞ മട്ട് , അഖില ഓർത്തു. ഹെയർ ഡൈ ഉപയോഗിച്ചിട്ടാണേലും, ആൾ സുന്ദരൻ തന്നെ -  പക്ഷെ ഭാര്യ കറുത്തു തടിച്ചു തീരെ മുഖശ്രീയില്ലാത്തൊരു സ്ത്രീ.  അവരുടെ മുറുക്കി ചുവപ്പിച്ച ചുണ്ടുകളും, കഴുത്തിൽ കിടക്കുന്ന ചളിപുരണ്ട താലിചരടും അഖിലയിൽ എന്തോ ഒരു സങ്കടം ഉളവാക്കി.  ഈയാൾക്കു എങ്ങനെ ഇങ്ങനെത്തെ ഒരു  ഭാര്യയെ കിട്ടി. കഷ്ടം.

ഛെ! എന്താ അഖില - പുറമ്മോടിയിൽ എന്തിരിക്കുന്നു, എന്നലെ അവളെ പോലത്തെ ബുദ്ധിയുള്ള വളരുന്ന എഴുത്തുക്കാർ ചിന്തിക്കേണ്ടതു.എത്ര പേരുണ്ടങ്ങനെ - കാഴ്ച്ചയിൽ തീരെ യോജിപ്പില്ലാതെ. അവരെല്ലാം അസന്തുഷ്ടർ ആണെന്നു പറയ്യാൻ പറ്റുമ്മൊ?  ഇല്ല - എന്നാലും ഒരു രസത്തിനു അഖില അവരെ കുറിച്ച് തന്നെ ചിന്തിയ്കാം എന്നു കരുതി.  തന്റെ എഴുതിതീർകാൻ പോകുന്ന കഥക്കു കഥാപാത്ര ങ്ങൾ വേണ്ടെ?  അവരെ തേടി യാണ് അഖില ഈ യാത്രക്കു ഇറങ്ങിയതു തന്നെ.

അഖിലെ,  നിന്റെ വല്യമ്മയല്ലെ, പഴയതൊക്കെ മറന്നു നീ എന്നെ ഒന്നു സഹായിക്കു എന്നു ചെറിയമ്മ വിളിച്ചു പറഞ്ഞപ്പോൾ, നിരസിക്കാൻ പറ്റിയില്ല.  വലിയമ്മയും ചെറിയമ്മയും തറവാട്ടിലാണ്  കഴിയുന്നതു - വലിയമ്മ അവിവാഹിതയാണ്.  കുട്ടിക്കാലത്തു അമ്മയില്ലാതെ വളർന്ന അഖിലയോട്  അവർക്കു ഒരു തരം നിസ്സംഗതയായിരുന്നു, ചിലപ്പോൾ അവജ്ഞയും.  അവൾടെ അമ്മയായിട്ടു എന്തോ പ്രശ്നമുണ്ടായിരുന്നു എന്നു മാത്രം ചെറിയമ്മ പറഞ്ഞു തന്നിട്ടുണ്ട്. ചെറിയമ്മ രണ്ട് മാസമായിട്ടു നാഗ് പൂരിലുള്ള മകളുടെ പ്രസവത്തിന്നു പോയിരിക്കുകയാണ് - അപ്പോഴാൺ വലിയമ്മയുടെ വീഴ്ചയും, കിടപ്പും.

ഒന്നു ആളായി അവിടെ ഉണ്ടായാൽ മതി.  രാവിലെ തൊട്ട് വൈകുന്നരം വരെ ജാനു ഉണ്ടാവും, എല്ലാ പണിയും അവൾ ചെയ്തോളും - പിന്നെ രാത്രിയെന്തെങ്കിലും വേണെങ്കിൽ അവർ തൊട്ടടത്താണ്  മകന്റെ കൂടെ താമസിക്കുന്നത-.

രണ്ടാഴ്യ്ച - അപ്പൊഴേക്കും പ്രസവിച്ചു  തൊണ്ണൂറ് കഴിയും- ഞാൻ എത്തിയാൽ നിനക്കു തിരിച്ചു പോകാം.

ആദ്യം മടിച്ചെങ്കിലും പിന്നീടാണ് അഖില ഓർത്ത്ത് - ഈ അവസരം തന്നെയാണ് അവൾ കുറെ നാളായി ആഗ്രഹിക്കുന്നതും - എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് -  എന്തെങ്കിലും ഒന്നു എഴുതുകയും ചെയ്യാം.  അഖിലയുടെ ഭർത്താവ് സുരേഷും മകളും ആദ്യം എതിർത്തു - പക്ഷെ ചെറിയമ്മയെ കൊണ്ട് വിളിപ്പിച്ചപ്പോൾ, ഇമേജ് കാത്തു സൂക്ഷിക്കുന്ന സുരേഷ്  വഴങ്ങി.  രണ്ടാഴ്ച്ച ഒരു വീട് മാനേജ് ചെയ്യാൻ പതിനാറു വയസ്സായ  മകളും അച്ചനും ധാരാളം.

അഞ്ച് മണിക്കൂർ ട്രയിനിൽ ഒറ്റയ്ക്കുള്ള യാത്ര അഖില ശരിക്കും ആസ്വദിച്ചു. ഓരൊ മണീക്കൂറും മുടങ്ങാതെ സുരേഷ് വിളിച്ചു. സ്റ്റേഷനിൽ ജാനു അമ്മ യുടെ മകൻ വരുമെന്നാണ് സുരേഷിന്റെ ധാരണ.  താൻ എത്തിക്കോളാം എന്നു അഖില ചെറിയമ്മയോട് പറഞ്ഞിരുന്നു. സ്റ്റേഷനിൽ നിന്നു വീണ്ടും എരുപത്തിരണ്ട് കിലോമീറ്റർപോകണം. ബുസ്സിൽ, ഒറ്റയ്ക്കു്.

  ഏതോ എക്സ്പ്രെസ്സ് വണ്ടി  ഒരാരവത്തോടെ സ്റ്റേഷനിലെക്കു പാഞ്ഞ് വന്നു ഒരു ഞെരുക്കത്തോടെ നിർത്തിയിട്ടു.  യാത്രക്കാർ ശ്രദ്ധിക്കാനുള്ള അനൗൺസ്മെന്റ് കേൾക്കാൻ സമയം തീരെയില്ലാതെ പ്ലാറ്റ്ഫോമിൽ ട്രയിനിന്റെ ജനാലകൾക്കുളിലൂടെ നോക്കി സീറ്റ് അന്വെഷിച്ചുക്കൊണ്ട്  യാത്രക്കാരും ബാഗേജുകളും  കമ്പാർട്ട്മെന്റുകൾ താണ്ടി ഓടിക്കൊണ്ടിരുന്നു.

വേറെയെന്തെങ്കിലും വേണൊ സർ - കുടിയ്ക്കാൻ എന്തെങ്കിലും.

ആ പരിചിതമായ ശബ്ദം അടുത്ത ടേബിളിൽ വിളംബാൻ വന്ന ബേററുടെയായിരുന്നു. അഖിലയ്ക്കു അയാളുടെ ഒരു സൈഡ് മാത്രമെ വ്യക്തമായി കാണനുണ്ടായിരുന്നുള്ളു - അതേ ശബ്ദം രൂപ ഘടന, നിറം മാത്രം സ്വല്പം കറുത്തതുപോലെ - അതേ ചുരുണ്ട മുടി-

മാഡം - റ്റിഫ്ഫിൻ.

 പിറമിട് പോലത്തെ നെയ്യ് റോസ്റ്റ് കൊണ്ടുവന്നു വച്ച ബേറർ അഖിലയുടെ ശ്രദ്ധ ആകർഷിച്ചു.

അഖില ആ പയ്യനോട് ചോദിച്ചു - ആ പോയ വേറ്ററുടെ പേരെന്താണ്?

എന്താ ചേച്ചി? അവൻ ജിജ്ഞാസയോടെ അന്വെഷിച്ചു.
ഏയ്, ഒന്നുമില്ല - എവിടെയോ കണ്ട പോലെ.
ഓ..., അതു സുധാകരൻ ചേട്ടനാണ്
സുധാകരൻ? ഉറപ്പാണോ?
എന്താ മാഡം, എന്റെയൊപ്പം ജോലി ചെയ്യുന്ന ആളുടെ പേരനിക്കറിയത്തില്ലെ?"

ഇതേ പോലത്തെ ഒരാളെ പരിചയമുണ്ടായിരുന്നു, അതോണ്ട്... ജാ ള്യത മറച്ചു കൊണ്ട് അഖില പിരുപിറുത്തു.
ഞാൻ അയാളെ വിളിക്കണോ?
വേണ്ട, വേണ്ട, താങ്ക്യു. അഖില ഒഴിഞ്ഞു മാറി.

കുറച്ചു മാസങ്ങൾക്കു മുമ്പെ:

അന്നു അഖില മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പണിയൊക്കെ കഴിഞ്ഞ് ഒന്നു നെറ്റ് സർഫ് ചെയ്യാമെന്നു ചിന്തിച്ചിരിക്കവെ, ദാ മുഴങ്ങുന്നു വിളിമണി നാദം- തുറക്കണേ, ഇതാ ഞാൻ വന്നിരുക്കുന്നു, തുറക്കണേ..ടിങ്, ടൊങ്.  ഞാനാരാന്നു ഒന്നു തുറന്നു നോക്കൂ എന്നു ആജ്ഞാപിക്കുന്ന ടിങ് ടോങ്.

മുടി ഒന്നു കോതി ഒതുക്കി, ഉടുത്തിരിക്കുന്ന മാക്സി ഒന്നു കുടഞ്ഞ്, അഖില വാതിൽ തുറന്നതു ഏകദ്ദെശം അൻപതു വയസ്സ് തോന്നിപ്പിക്കുന്ന ഇരുനിറത്തിൽ ഒരു മനുഷ്യന്റെ മുമ്പിലേക്കാണ്. വലിയ ഫ്രേയിമുള്ള സോഡാ ഗ്ലാസ് കണ്ണട മൂഖത്തും, മൂക്കിനു താഴെ ഒരു അരിംബാറയും, കൈയ്യിൽ ഒരു കൂറ്റൻ ബാഗും-  അതിന്റെ ഘനംകൊണ്ടായിരിക്കാം അയാൾ ഒരുവശത്തേക്കു ചരിഞ്ഞ് നിൽക്കുന്നതും,  വളരെ പ്രകടമായി കിതക്കുന്നതും.ഇത്രയും പ്രായമായ ഒരു സയിൽസ്മാനെ ഇതുവരെ കണ്ടിട്ടില്ല.

അയ്യൊ, ഇവിടെ ഒന്നും വേണ്ടാട്ടൊ, എന്നു സൗമ്യമായി പറഞ്ഞ് വാതിലടക്കാൻ പുറപ്പെട്ടു.

അഖില മേനൊൻ അല്ലെ?
 അയാളുടെ ശബ്ദം ആ രൂപത്തോട് ചേർക്കുന്ന ഒന്നായിരുന്നില്ല, അകർഷണീയമായ ഘനഗാംബീര്യമുള്ള സ്വരം. അശ്ചര്യത്തോടെ അഖില അയാളെ ശ്രദ്ധിച്ചു നോക്കി;

അതെ, നിങ്ങൾ ആരു്, എങ്ങിനെ അറിയാം, ആരു പറഞ്ഞു, എന്ന വിവിധ ചോദ്യങ്ങളുടെ ഒരു സങ്കുലിതഭാവമായി അഖില അയാളുടെ മുഖത്തേക്കു നോക്കി പറഞ്ഞു: അതെ

ആഗതൻ ചിരിച്ചു കൊണ്ട് തുടർന്നു - ഞാൻ നിങ്ങൾടെ ഫോള്ളോവറാണ്.
ഫോള്ളോവർ? ഓ, ഫോളോവറോ? (ബ്ലോഗുലഗത്തെ കുറിച്ചു ധാരണ ഇല്ലാത്തവരുടെ അറിവിനു: ഞങ്ങൾ കൊച്ചു കൊച്ചു ബ്ലോഗർമാർക്കുമുണ്ട് ഫോള്ളോവർസ് : അമ്മ യെപോലെയൊ ബാബയെപോലെയൊ അനുയായി എന്നു വിവർത്തനം ചെയ്യുന്ന ഫോള്ളോവർ അല്ല; ചില സഹൃദയരായ ബ്ലൊഗർമാർ നമ്മുടെ എളിയ പരിശ്രമങ്ങൾ പോസ്റ്റ് ചെയ്യുന്നതു പിന്തുടരാൻ, ഫോള്ളോവർ ആവുന്നതാണ്.)

അത്യൊ? കണ്ടിട്ടില്ലല്ലൊ.

ങ, ഞാൻ ഫൊട്ടൊവും പേരൊന്നും വയ്ക്കാറില്ല. അതുകൊണ്ടായിരിക്കാം.ഇവിടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു വന്നപ്പോൾ അറിയാൻ സാധിച്ചു നിങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നു. ഒന്നു കണ്ട്പോവ്വാമെന്നു കരുതി.

അഖില അയാളെ ഒന്നുംകൂടി സൂക്ഷിച്ചു നോക്കി. സത്യം പറയാച്ചാൽ, തന്നെ അന്വെഷിച്ചു് ഒരാൾ വരാനുള്ള സാധ്യതയിൽ അവൾക്കു സംശയം തോന്നിയിട്ടു തന്നെ.  അവൾ ആലോചിക്കുകയായിരുന്നു - വൃത്തിയുള്ള വേഷം, മുഖത്തു വസൂരി കലകൾ, വെയിൽ കൊണ്ട് വിയർത്തുട്ടുണ്ടെങ്കിലും സാമാന്യം വെളുത്ത നിറം. ആകമൊത്തം ഒരു മാന്യത യുണ്ട് കക്ഷിക്കു.

ആരാണ് പറഞ്ഞതു? അഖില ചോദിച്ചു.

ആ സംശയം കേൾക്കാതെയാവാം അയാൾ തുടർന്നു.  ഒന്നു കണ്ട്പോവ്വാമെന്നു കരുതി.  നിങ്ങളുടെ എഴുത്തെനിക്കു വളരെ ഇഷ്ടമാണ് .

അഖില സമ്മതിക്കില്ലെങ്കിലും, സത്യത്തിൽ അവിടെയാണ് അവൾ വീണതു- എല്ലാ എഴുത്തുക്കാരെയും പോലെ സ്വന്തം സൃഷ്ടിയെ കുറിച്ചു സ്തുതി കേൾക്കാ എന്നു വച്ചാൽ വല്ലാത്തൊരു ബലഹീനത യാണ്. അതും ഭവ്യതയോടെയുള്ള സ്തുതി.

ഇരിയ്ക്കൂ..

ഓ, താങ്ക്യൂ, ; ഒരു ദീർഘശ്വാസത്തോടെഅയാൾ സിറ്റൗട്ടിന്റെ തിണ്ടിന്മേൽ ബാഗിറക്കിവച്ചു ഇരുന്നു. എന്നിട്ടു, ബാഗ് തുറന്നു വെള്ള ബോട്ടിൽ പുറത്തെടുത്തു, കുറെ വെള്ളം കുടിച്ച ശെഷം അയാൾ പറഞ്ഞു: വല്ലാത്ത വെയിൽ.

ങും, അഖില സാനുകമ്പയോടെ മൂളി, വീണ്ടും ചോദിച്ചു - എനിക്കു മനസ്സിലായില്ല, ആരാ ഇതെന്റെ വീടാണെന്നു പറഞ്ഞതു.

അയാളും വീണ്ടും ചിരിച്ചു- അയാളുടെ  ചിരിക്കുമീതെ ആ അരിമ്പാറക്കു നടുവിൽ ഒരു രോമം  ചുരുണ്ട് നിൽക്കുന്നുണ്ട്- അല്ല അതു നിൽകുന്നില്ല - അയാളുടെ സംസാരത്തിനും, ചിരിക്കൂമൊപ്പം അതും ആടുന്നു,  ഓ.വി, വിജയന്റെ കഥയിൽ എന്ന  പോലെ അതും വലുതായി, വലുതായി...

അല്ലെ, മാഡം.?.... അയാളുടെ ചോദ്യം വഴിമാറിയ പറക്കുന്ന അവളുടെ ചിന്തകളെ സിറ്റൗട്ടിൽ കൊണ്ടുവന്നിരുത്തി.

സോറി, എന്താ പറഞ്ഞതു? അഖില ജാ ള്യത  മറക്കാൻ ശ്രമിച്ചു.

മാഡത്തിന്റെ ചിന്തകൾ ഇവിടെ നിൽകുന്നില്ല അല്ലെ.   അതു കലാകാരന്മാരുടെ വീക് നെസ്സാണ് സാരമില്ല.

ഇയാൾ എന്തുദ്ദശിട്ടാണോ... ചോദ്യം അവളുടെ മുഖത്തുനിന്നും വായിച്ചെടുത്തുകൊണ്ടെന്നപോലെ അയാൾ അരികിൽ വെച്ചിരുന്ന ബാഗ്  തുറന്നുകൊണ്ട് പറഞ്ഞു - ഞാൻ മാഡത്തിന്റെ സഹായം അഭ്യർഥിയ്`ക്കാൻ വന്നതാണ്.

സഹായമോ? എന്നിൽ നിന്നൊ?
മാഡം ഒന്നിരിക്കൂ, എന്നിട്ട് ഈ പുസ്തകങ്ങൽ ഒന്നു നോക്കൂ...അയാൾ ബാഗിൽനിന്നു രണ്ട് മൂന്ന് പുസ്തകങ്ങളെടുത്തു നീട്ടി.

ഒന്നൊരു നോവലായിരുന്നു, പിന്നെ ഒരു കഥാസമാഹാരവും, ഒരു മാസികയമുണ്ടായിരുന്നു.

ഇതൊക്കെ ഒന്നു പരിചയപെടുത്താൻ വന്നതാണ്.

അയ്യൊ, ഞാൻ പറഞ്ഞില്ലെ, എനിക്കു ഒന്നും വാങ്ങിയ്ക്കെണ്ടെന്നു .

വേണ്ടെങ്കിൽ വേണ്ട - പക്ഷെ മാഡത്തിനെ പോലെ ഒരു എഴുത്തുകാരി ഇതൊന്നു നോക്കുവെങ്കിൽ, എനിക്കു സന്തോഷമായിരുന്നു.

വീണ്ടും സ്തുതി.

അഖില നോവലിന്റെ കവർ വായിച്ചു- മോസ്കോവിലെ വയൽ പക്ഷികൾ- സുരേന്ദ്രൻ പിള്ള. പുറം കവറിൽ എഴുത്തുകാരന്റെ ചിത്രത്തിലും മീശക്കു താഴെയൊരു അരിമ്പാറ ചിരിച്ചുകൊണ്ട് പറഞ്ഞു : അതെ മാഡം ഞാൻ തന്നെ-

അഖില ഫോട്ടോവിൽ നിന്നു അയാളുടെ മുഖത്തെക്കു നോക്കി.

ഞാൻ തന്നെയാണ് മാഡം സുരേന്ദ്രൻ പിള്ള, അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്താ മാഡത്തിന്നു വിശ്വസിക്കാൻ പറ്റുന്നില്ലെ?

 അഖില ബുക്കു തുറന്നു നോക്കി -  പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നതു പ്രസന്ന പബ്ലിഷെർസ്, തൊടുപുഴ.

അതെന്റെ ഭാര്യയുടെ പേരാണ്.

ഒരു ചിത്ര പസ്സിലിന്റെ കുറെ യോജിക്കാൻ ആവാത്ത കഷ്ണങ്ങളെ കൂട്ടി വെക്കാൻ സഹായിക്കാൻ അയാൾ അതെല്ലാം അഖിലയുടെ കയ്യിൽ നിന്നു  വാങ്ങിച്ചു ഓരോന്നായി അവളുടെ മുന്നിൽ ഒതുക്കി വച്ചു:

തൃശ്ശൂരിൽ നിന്നും ഇറങ്ങിയിരുന്ന കലാകേരളം എന്ന പ്രസിദ്ധീകരണം ഓർമയുണ്ടോ?

ഉണ്ടെന്നൊ, ഇല്ലെന്നോ, ഉത്തരം ,കാത്ത് നിൽക്കാതെ അയാൾ തുടർന്നു.

അതു കെ.ശ്രീധരൻ നായറുടെ പ്രസിദ്ധീകരണമായിരുന്നു. കേട്ടിട്ടില്ലെ? പ്രശസ്തനായിരുന്നു, പേരുകേട്ട പത്രക്കാരൻ.. (കേട്ടിട്ടില്ലെന്നു അഖിലക്കു പറയേണ്ടി വന്നില്ല). അയാൾ തുടർന്നു .

 ചുരുക്കത്തിൽ ശ്രീധരൻ പിള്ള മരിച്ചപ്പോൾ എഡിറ്റർ ആയിരുന്ന ഇദ്ദെഹത്തിന്റെ പണിയും, കലാകേരളമെന്ന മാസികക്കൊപ്പം നിലച്ചു.  വേറെ പല സ്ഥലത്തും അന്വെഷിച്ചെങ്കിലും ഒന്നു തരമായില്ല.  പിന്നെ സമ്പാദ്യങ്ങളൊക്കെ ചിലവാക്കി ഒരു പ്രെസ്സ് തുടങ്ങി. ഒന്നു രണ്ട് പുസ്തകമെഴുതി പബ്ലിഷ് ചെയ്തു, പിന്നെ ഒരു മാസികയും-

ഭാര്യ പ്രസന്ന ഒരു പോസ്റ്റ്ഗ്രാജുവറ്റാണ്, മലയാളം.  ഞങ്ങൾ രണ്ട് പേരും കൂടി   എല്ലാം ചെയ്യും.  ദാ നോക്കു, ഒരു കോപ്പി കയ്യിലുണ്ട്.

അഖില കയ്യിലെ മാസിക നോക്കി - 'നി --- --- ---'(നിഷാദം, ഗാന്ധാരം, മദ്യമം...)

(പേർ പറയാൻ എനിക്കു പേടിയില്ലെങ്കിലും, അഖില കുറച്ചു കെയർഫുൾ ആണ്., അതുകൊണ്ട് തന്നെ തുടക്കത്തിൽ പറഞ്ഞതിന്റെ വിപരീതമാണെങ്കിലും 'നി'യും കുത്തുകളും മതി പിന്നെ ബ്രാക്കറ്റിൽ ഒരു ക്ലൂ ഉണ്ടല്ലൊ)

റീസൈക്കിൾഡ് പേപ്പറിൽ അച്ചടിച്ച കുറച്ചു കഥകളും, ലേഖനങ്ങളും അൻപതു പേജിൽ അച്ചടിച്ചിരിക്കുന്നു.

നിങ്ങൾ ഇതിലൊക്കെ എങ്ങനെയാണ് പബ്ലിഷ് ചെയ്യുന്നതു?

ആൾക്കാർ അയച്ചു തറ്റരുന്നതു ഞങ്ങൾ വായിച്ചു നോക്കും, പിന്നെ പ്രസിദ്ധീകരിക്കുന്ന തിനൊക്കെ അഞ്ഞൂറ് രൂപ പ്രതിഫലവും കൊടുക്കും.

ഉവ്വൊ?

മാഡമൊന്നു സഹകരിക്കണം - എഴുത്തിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഈ സംരംഭം തുടങ്ങിയതു- ഇപ്പൊ ജീവിതം തന്നെ വഴിമുട്ടി നിക്കുന്നു.  നിങ്ങളെ പോലെ എഴുത്തു ഇഷ്ടപ്പെടുന്നവർ സഹാചില്ലെങ്കിൽ ആരു ചെയ്യും?
അയ്യൊ, ഇതൊന്നും വായിക്കാൻ എനിക്കു സമയം കിട്ടില്ല.
അങ്ങനെ പറയല്ലെ മാഡം. ഒന്നു സഹകരിക്കണം- മൂന്ന് മക്കളാണ്- പെങ്കുട്ടിക്കൾ...


അവസാനം പരാധീനതകളുടെ പ്രഹരത്തിൽ  നൂറ് രൂപക്കു ഒരു വർഷത്തെ വരിസംഖ്യ അടച്ചു.
 ഏതെങ്കിലും ബുക്ക് എടുത്തോള്ളൂ മാഡം.
 വേണ്ട, ഇതു മതി.

അടുത്ത മാസം അദ്യത്തെ കോപ്പി എത്തും - ബില്ലിൽ ഫോൺ നമ്പറുമുണ്ട്.

മേല്പറഞ്ഞ് സംഭവം കഴിഞ്ഞ് എട്ടു മാസത്തിന്നു ശെഷം അഖില റയിൽ വേ കാന്റീനിൽ, വെയ്റ്റർ കൊണ്ടുവന്ന പിറമിഡ്  നെയ്യ് റോസ്റ്റ് പരത്തി ഒതുക്കി കഴിച്ചു കഴിഞ്ഞിരുന്നു.

ചെച്ചി വേറേ എന്തെങ്കിലും - വെയ്റ്റർ അന്വെഷിച്ചു.

അയാളുടെ പേർ സുധാകരൻ എന്നു തന്നെയാണോ? അഖിലയ്ക്ക് സംശയം ഒതുക്കാനായില്ല,

അതെ ചേചി.  അയാളെ വിളിക്കണോ?  എന്തെങ്കിലും പ്രശ്നം.. ?

പ്രശ്നങ്ങൾ അഭിമുഖീകരിയ്ക്കാൻ വൈമുഖ്യമുള്ള അഖില വേഗം എണീട്ടു:  വേണ്ട, വേണ്ട- ഇതേ പോലത്തെ ഒരു ആളെ അറിയുമായിരുന്നു, വേറെ പേരാ... വല്ലാത്ത സാമ്യത അതുകൊണ്ട്  ചോദിച്ചതാ.., ബില്ല് തന്നോളു.

അഖില കൈ കഴുകി വന്നു ടേബിളിൽ നിന്നു പെരുംജീരകം വെച്ചിരുന്ന പ്ലേറ്റിൽന്നിനു ബില്ലെടുത്തു കാശ് കൗണ്ട റിലേക്കു നീങ്ങവെ, ആ വെയ്റ്റർ പയ്യൻ സുധാകരൻ  എന്ന പെരുള്ള വെയ്റ്ററൊട് സംസാരിക്കുന്നതു കണ്ടു.

അഖിലക്കു വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.

അയാൾ ആവില്ല- മനസ്സിൽ ഉറപ്പിച്ചുകൊണ്ട് സംശയമൊക്കെ ഒതുക്കി അവൾ സ്റ്റേഷന്റെ കവാടത്തിലേക്കു പ്ലാറ്റ്ഫോമിലൂടെ നടന്നു. വീട്ടിൽ കയറി വരുന്നവരെയൊക്കെ വിശ്വസിച്ചാൽ ഇങ്ങനെതന്നെ യാണുണ്ടാവാ.  കുറെ ഫ്രോഡുകളിൽ ഒരുവന്റെ കയ്യിൽ താനും പെട്ടു. നൂറ് രൂപയല്ലെ പോയുള്ളു,   സമാധാനിക്കാം. അവൾ മുന്നോട്ടു നടന്നു.

പുറത്തുള്ള കവാടത്തിൽ നീന്നിറങ്ങിയാൽ ഓട്ടോ കിട്ടും - കെ.എസ്,ആർ.ടി.സി. സ്റ്റാന്റിലേക്കു.  പിന്നെ അവിടുന്നു ഒരു മണിക്കൂറ് യാത്ര വല്യമ്മയുടെ വീട്ടിലേക്കു. സുശ്രൂഷയുടെ പേരും പറഞ്ഞു രണ്ടാഴ്ച് സ്വസ്ഥമായി ഇരിക്കാം, എഴുതാം. ചുരുങ്ങിയതു സ്വസ്ഥമായി ശ്രമിക്കാം.

മഴ ചാറാൻ തുടങ്ങുന്നു. കുട എടുക്കണോ എന്നു സംശയത്തോടെ ഒരു നിമിഷം നിന്നു.   സ്റ്റേഷന്റെ പുറത്ത് വഴിയിലൂടെ ആളുകളേല്ലാം കുടയേന്തി നടക്കുന്നതു കണ്ടപ്പൊൾ അഖിലയും ബാഗിൽ നിന്നു കുടയെടുത്ത്,   നിരത്തേക്കുള്ള ഒതുക്കുകൾ ഇറങ്ങാൻ തുടങ്ങി.

മാഡം ഒന്നു നിൽക്കൂ...

തൊട്ടു പിന്നിൽനിന്നാ വിളിക്കേട്ടു  തിരിഞ്ഞ് നോക്കിയപ്പോൾ അഖിലയൊന്നു നടുങ്ങി. - സുരേന്ദ്രൻ പിള്ള, അല്ല സുധാകരൻ.

അഖിലയുടെ ഓർമയിൽ തെളിയുന്ന മുഖം ഇതു തന്നെ ആയിരുന്നു. ഇത്ര തടിയുണ്ടായിരുന്നൊ?   വസൂരി കലകൾ? നിറം?

മാഡം നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാനല്ല-

പിന്നെ..? അഖിലയുടെ അയാളുടെ നെറ്റിയുടെ ചുളിവുകളിലൂടെ വിയർപ്പൊഴുകുന്നതു ശ്രദ്ധിച്ചു.

ഞാൻ സുധാകരൻ, സുരേന്ദ്രൻ പിള്ളയുടെ അനുജനാ.

അയാളുടെ ശബ്ദത്തിനും ഉണ്ടായിരുന്നു ഇത്ര മുഴക്കം, പക്ഷെ അരിമ്പാറ? ഇതു അഖിലയുടെ മനസ്സിൽ ഉയർന്ന ചോദ്യമാണ്.  അതിനും അയാൾ ഉത്തരം പറഞ്ഞു.

ഈ അരിമ്പാറ ഞങ്ങക്കു രണ്ട് പേരക്കുമുള്ളതാണ്.

അഖിലയ്ക്കു കുറച്ചു മുമ്പെ അനുഭവ പ്പെട്ട അസ്വസ്ഥത പൂർവാധികം തിരിച്ചു വന്നു -

ഞങ്ങൾ ഇരട്ടകളാണ്.  ആ കുട്ടി പറഞ്ഞപ്പോൾ തന്നെ എനിക്കു മനസ്സിലായി നിങ്ങൾ എന്റെ ഏട്ടനെയാണ് അന്വെഷിക്കുന്നതെന്നു.

വിശ്വസിക്കണോ, വിശ്വസിക്കാമോ? അഖില അമ്പരന്നു നിന്നു.

ആ നൂറ് രൂപ ഞാൻ തരാം, അയാൾ പോക്കറ്റിൽ നിന്നു കാശെടുത്തു നീട്ടി.

നിങ്ങൾക്കെങ്ങനെ ഇതെല്ലാം അറിയാം? അഖില ചോദിച്ചു

അയാൾ വല്ലാതെ  കിതക്കുന്നുണ്ടായിരുന്നു.വിയർപ്പു തുള്ളികൾ തലയിൽ നിന്നു അയാളുടെ മുഖത്തെക്കു ഒലിച്ചിറങ്ങി.

എനിക്കറിയാം, മാസികക്കു വേണ്ടി കാശ് പിരിച്ചിട്ടുണ്ടാവും, അതാണ്...

പക്ഷെ, നിങ്ങൾ എങ്ങിനെ അറിഞ്ഞു?

കുറേ ആൾക്കാർ പരാതിയായിട്ടു വന്നു- എന്ത് ചെയ്യാനാണ്, ഉദ്ദെശിച്ചപോലെ നടന്നില്ല.  അയാൾ വിദൂരതയിലേക്കു നോക്കിക്കൊണ്ട് പറയുമ്പോൾ അയാളുടെ ശബ്ദം പതറുന്നതു അഖില ശ്രദ്ധിച്ചു.

സുരേന്ദ്രൻ ആറ് മാസം മുമ്പെ ഞങ്ങളെയൊക്കെ വിട്ടു പോയി- കാൻസറായിരുന്നു.

നേരത്തെ തളം കെട്ടി നിന്ന അസ്വസ്ഥത കുറ്റബൊധമായി അഖിലയെ പൊതിഞ്ഞു.  ചാറി കൊണ്ടിരുന്ന മഴ, ഒരാരവത്തോടെ പെയ്തിറങ്ങി.  നിരത്തിലെ ആൾക്കാരൊക്കെ ഇരു വശത്തെയും കടകളിലേക്കു കയറികൂടി.

സുരേന്ദ്രൻ പിള്ളയുടെ മക്കൾ, ഭാര്യ?

കുറെ പ്രശ്നങ്ങളുണ്ട് മാഡം, അതൊന്നും പറയാൻ നേരമില്ല, ഡ്യൂട്ടിയിലാണ്. കഷ്ടമായി എന്നു മാത്രം പറയാം.  നിങ്ങൾ ഈ നൂറ് രൂപ വാങ്ങൂ.

ഏയ്, വേണ്ട, അയാം സോറീ.

പിന്നെ അവിടെ നിന്നില്ല.അഖില കുട നിവർത്തി, ഒതുക്കളിറങ്ങി, ഓട്ടൊ സ്റ്റാന്റിലേക്കു നടന്നു.  തിരിഞ്ഞു നോക്കിയപ്പോൾ, അയാൾ പോയിരുന്നു.

വഴിനീളെ അഖില സുരേന്ദ്രൻ പിള്ളയുടെ കാര്യം ഓർത്തു, പ്രസന്ന, പെണ്മക്കൾ, പ്രെസ്സ്....പാവം.

രണ്ടാഴ്ച്ചക്കു ശെഷം, അഖില വീട്ടിലേക്കു മടങ്ങിയ ദിവസം തന്നെ അവളുടെ ഭർത്താവ് കയ്യിലൊരു എന്വലോപ് വച്ചുകൊണ്ട് പറഞ്ഞു:
നീ പോയ പിറ്റെ ദിവസം വന്നതാണ്, പറയാൻ മറന്നതാ,

കവർ തുറന്നു നോക്കവെ, പരിചിതമായൊരു അസ്വസ്ഥത അഖിലയെ പൊതിഞ്ഞു:
അകത്ത്... ഒരു മാസികയായിരന്നു.

"നി_ _ _"

കവറിൽ നിന്നൊരു വെള്ള കടലാസ് പുറത്തെക്കു വീണു.

വടിവൊത്ത കയ്യക്ഷരത്തിൽ:  നിങ്ങളുടെ സഹകരണത്തിനു നന്ദി -  സുരേന്ദ്രൻ പിള്ള.


(FIRST PUBLISHED IN MALAYALANATU)













Friday, February 17, 2012

മാധവൻ നായർക്കു ഒട്ടകമില്ല







"മാധവൻ നായരേ!, ഒട്ടകം എവിടേ?!"

"പൊക്കോ അവിടുന്നു!" ഗേറ്റിന്റെ അപ്പുറത്ത്നിന്നു അടുത്തുള്ള ഹൈസ്കൂളിലേക്കു പോകുന്ന ചെക്കന്മാരെ ആട്ടിക്കൊണ്ട് മാധവൻ നായർ കൈവീശി. "കുരങ്ങന്മാർ!"

മാധവൻ നായർക്കു ഒട്ടകമില്ല. ഒട്ടകം പോയിട്ടു പശുവോ, പൂച്ചയോ, ഒരു കോഴിക്കുട്ടിയെപോലും വളർത്താനുല്ല സമയം അദ്ദേഹത്തിനുണ്ടായിട്ടില്ല. അയാൾ ആകെ വളർത്തിയിരുക്കുന്നതു രണ്ട് കൂറ്റൻ ആണ് മക്കളെയാണ് - കടിഞ്ഞൂൽ - സന്ദീപ്, രണ്ടാമത്തെ, സന്തോഷ്. അവരെ അയാൾ മുറ്റത്തെ റൊസാചെടികളെ ഭാര്യ സരസ്വതിയമ്മ നോക്കുന്ന പോലെ, വെള്ളമൊഴിച്ചു, വളമിട്ടു, പിന്നെയും വെള്ളമൊഴിച്ചു, വളമിട്ടു, ആൾക്കാർ കാണുമ്പോൽ - ഹായ്!, എന്തു നല്ല മക്കളാ !" എന്നു പറയുന്ന തരത്തിൽ വളർത്തികോണ്ടുവന്നു.

അയാൾ ഒരു ശില്പിയെപോലെ താൻ രൂപംകൊടുത്ത ശില്പങ്ങളെ നോക്കിനിന്നു, കണ്ട് ആസ്വദിച്ചു, സംതൃപ്തനായി. ഇതു കണ്ട് സരസ്വതിയമ്മ പറയുമായിരുന്നു:

വല്ലാത്തൊരു മക്കൾഭ്രാന്തു!

അവൾക്കങ്ങനെ പറയാം, മാധവൻ നായർ ചിന്തിക്കും, എത്ര ബുധിമുട്ടിയാണ് അയാൾ അവരെ വളർത്തി, പഠിപ്പിച്ചു, ഉദ്യോഗസ്ഥരാക്കിയത്- കീറിയ ബനിയൻ തുന്നികൂട്ടി നടന്നാലും മക്കൾക്കു ഒരു കുറവും വരുത്താതെ നോക്കി.

മനുഷ്യരായാൽ പലതരം കഴിവുകൾ വേണമെന്നു അയാൾ വിശ്വസിച്ചു- കല/സാഹിത്യം, കായികം, എന്തെങ്കിലും -. അങ്ങനെ സന്ദീപിനെ ഗിത്താറും, സന്തോഷിനെ കീബോർഡും അഭ്യസിപ്പിച്ചു. ഇതു കൂടാതെ ചിത്രംവരയും. അയാൾ വീട്ടിൽ പുസ്തകങ്ങൾ വാങ്ങിച്ചു കൂട്ടി - വായനില്ലാത്തെ മനുഷ്യൻ അപൂർണമാണെന്നു അവരെ പഠിപ്പിച്ചു.

വല്യ മകൻ നന്നായി വരയ്ക്കും, പല മൽസരങ്ങളിലും അവൻ കഴിവു തെളിയിചു. - വരച്ച്, വരച്ച്, ഇന്നു അവൻ ചുറ്റുമുള്ളവരെ- തന്നെയും- വരച്ച വരക്കുള്ളിൽ നിർത്തുന്നുണ്ട്. വളരെ ഭംഗിയായിതന്നെ. ചെറിയ മകൻ അല്പസ്വല്പം കവിത എഴുതുമായിരുന്നു - ഇപ്പൊൾ അതിനൊന്നും സമയമില്ലെങ്കിലും, അവന്റെ ഭാര്യ പാടുന്ന കവിതയെല്ലാം അക്ഷരം പ്രതി കേൾക്കുമെന്നു സരസ്വതി പറഞ്ഞാണ് അറിഞ്ഞത്.

കായികവിനോദത്തിനും മാധവൻ നായർ പ്രാധാന്യം കൊടുത്തു. തൽ ഫലം രണ്ട് മക്കളും ഫൂട്ബാളും, ടെന്നിസ്സും കളിക്കു. ഇതിലേതായാലും അസ്സലായി പന്തു തട്ടും - ഈയിടെയായി ആ പന്തുകൾക്കു അവരുടെ അച്ചന്റെയും അമ്മയുടെയും മുഖ ഛായ യാണെന്നും മാധവൻ നായർ തെല്ലൊരു സങ്കടത്തോടെ ഓർത്തു..

ഇല്ല, മാധവൻ നായർക്കു ഒട്ടകമില്ല. എന്നാലും അടുത്ത യു.പി.സ്കൂളിലേക്കു അതു വഴി നടക്കുമ്പോൾ, ഗേറ്റിന്നു മുകളിൽ 'പി. മാധവൻ നായർ', 'ഗീതാഞ്ജലി' എന്നു വായിച്ചു കളിയാക്കുന്നുണ്ട് - ഒട്ടകത്തിന്റെ ഉടമസ്ഥൻ എന്നു.

ഒരു സിനിമ പേരിന്റെ പൊല്ലാപ്പെ! പണ്ട് ബാർബർമാരായ ബാലന്മാർക്കു സഹിക്കേണ്ടിവന്നപോലെ, ഇപ്പൊൾ മാധവൻ നായന്മാർകും ഒട്ടകങ്ങൾ ഒരു ശല്യമായില്ലെ? സിനിമാകാർക്കു ഒരു ആകർഷക ശീർഷകം വേണമെന്നെയുള്ളൂ - ബാക്കിയുള്ള ബാർബർ ബാലന്മാർക്കും, മാധവൻ നായന്മാർക്കും പരിഹാസം വിധി! ഇതിനൊക്കെ മാനനഷ്ടടത്തിന്നു കേസ്സുകൊടുക്കേണ്ടതാണ്...

ഇന്നു രാവിലെയും ചെടികൾ നനുക്കുന്ന സമയത്ത് ഒരു ചെക്കനുണ്ട് ഗേറ്റിനു മുക്കളിൽ കയറി വിളിച്ചു കൂവുന്നു -
"മാധവൻ നായരെ...., ഒട്ടകത്തിന്നു തിന്നാൻ എന്താ കൊടുക്ക്വാ....?" എന്നു.
"ഛി, പോടാ...നിന്റെ അച്ഛനോട് ചോദിക്ക്.." എന്നു പറയാമായിരുന്നു, പക്ഷെ അതു തന്റെ അന്തസ്സിന്നു ചേർന്നതല്ലാത്തതുകൊണ്ട് പകരം മെല്ലെ പിറുപിറുത്തു. അപ്പോഴുണ്ട് പിന്നിൽ നിന്നൊരു ചോദ്യം -

"പി. മാധവൻ നായരെ, നിങ്ങളുടെ ഒട്ടകം എവിടെ?" സരസ്വതിയമ്മയുടെ ചിരി അയാൾക്കൊട്ടും രസിച്ചില്ല.

"ഒന്നല്ല, രണ്ടെണ്ണത്തിനെ നീ പ്രസവിച്ചില്ലെ...എവിടെയെന്നു പോയി അന്വെഷിച്ചോ...? സരസ്വതിയമ്മയുടെ മുഖത്തെ ചിരിമാഞ്ഞ് ഇരുളുന്നതു കണ്ടപ്പോഴാണ് മാധവൻ നായർക്കു ചെറിയയൊരു ആശ്വാസം തോന്നിയതു.

വെറുമൊരു ഗുമസ്ഥനായ മാധവൻ നായർ അങ്ങട് വെച്ചും, ഇങ്ങട് വെച്ചും, മക്കളെ നല്ലവണം പഠിപ്പിച്ചു. ഒരു ശില്പിയെപോലെ രണ്ട് മക്കളെ സ്വന്തം കാഴ്ചപാടുകൾക്കനുസരിച്ചു വാർത്തെടുത്തു. ഇന്നൊരുത്തൻ ഫാർമസിസ്റ്റും, മറ്റതു ഐ.ടി. വിദഗ് ദ്ധൻ. നല്ലയിടങ്ങളിൽനിന്നു തന്നെ അവരുടെ കല്യാണങ്ങളും
നടത്തി. അപ്പോൾ നാട്ടുക്കാരും മാധവൻ നായർ എന്ന ശില്പിയെ വാഴ്ത്തി:

"ഇങ്ങനെ വേണം അച്ഛന്മാർ- മക്കളെ എത്ര നന്നായിട്ടാണ് വളർത്തിരിക്കുന്നതു, ഇനി അവർക്കു വയസ്സുകാലത്തു നോക്കാൻ തങ്കം പോലെത്തെ മരുമക്കളുമായി."
പക്ഷെ അവരിരുവരും ജോലിസ്ഥലങ്ങളിൽ കുടുംബസമേതം താമസമാക്കി.

"വയ്യാതെയാവുമ്പോൽ വരല്ലൊ, എന്തിനാ പേടിക്കുന്നതു?" - സരസ്വതിയുടെ സംശയം മാധവൻ നായർ സമാധാനിപ്പിച്ചു. അവധിയാവുമ്പോൾ, അവർ ഇവിടെത്തേക്കു വരും അല്ലെങ്കിൽ, ഇവർ പട്ടണത്തിലേക്കു മക്കളുടെ അടുത്തേക്കു പോകും.

സുഖം സുഖകരം...സരസ്വതിയൊന്നു കാൽ തെറ്റി വീഴുന്ന വരെ. സരസ്വതിയുടെ എല്ലു മാത്രമല്ല അപ്പോൾ ഒടിഞ്ഞത്.

ആദ്യം എല്ലാവരും വന്നു. പിന്നെ ഒരു കൂട്ടർ പോയി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാമത്തെ കൂട്ടർക്കും ഒരു അസ്വസ്ഥത. സരസ്വതിയെ അവരുടെ കൂടെ കൊണ്ടുപോവട്ടെ എന്നായി. ആ നീക്കം മാധവൻ നായർ ആദ്യമെ തടഞ്ഞു. മക്കളെ ബുദ്ധിമുട്ടിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് അധികം താമസിയാതെ അവരെ വിട്ടു, മാധവൻ നായർ തന്നെ ഭാര്യയുടെ ചുമതലയേറ്റു.

"ഇതിപ്പോൾ നിങ്ങക്കു ബുദ്ധിമുട്ടായി - ഞാൻ അവരുടെ കൂടെ പോയാ മതിയേരുന്നു,ല്ലെ?" സരസ്വതി വ്യസനിച്ചു.

"എന്താ അതിന്റെയൊക്കെ ആവശ്യം - അവരെ ബുദ്ധിമുട്ടിക്കണ്ട. നീ പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്കു്...?"

"നിങ്ങൾക്കും വരാലൊ."

അതു മാധവൻ നായർക്കു ഇഷ്ടമായിരുന്നില്ല. "അവനവന്റെ വീട് തന്നെ സ്വർഗം" എന്നയാൾ ഇടയ്ക്കിടെ പറഞ്ഞു.

"നടക്കാൻ കഴിയുന്ന വരെ മാത്രം..."സരസ്വതിയമ്മയും ഓർമിപ്പിച്ചു.

അതിനു ശേഷം ഇരുവരും അടിവച്ചടിവച്ചാണ് നടക്കുന്നത്. അടി തെറ്റിയാൽ....? അനുഭവം ഗുരു. മാധവൻ നായർക്കു സരസ്വതിയമ്മയെയും, തിരിച്ചും വളരെ അധികം ശ്രദ്ധിച്ചു.

"വയസ്ൽപ്പോൾ, അച്ചനും അമ്മ്യ്ക്കുമിടയിൽ സ്നേഹം വർധച്ചിരിക്കുന്നു, അല്ലെ. മക്കൾ അന്യോന്യം പറയുന്നത് കേട്ടപ്പോൾ, സരസ്വതിയമ്മക്കു പറയണം എന്നു തോന്നി - പുതിയ സ്നേഹമല്ല മക്കളെ - ഭയമാണ്." ചില്ലറ ബുദ്ധിമുട്ടുകൾക്കൊന്നും മക്കളെ വിളിക്കില്ലെന്നും തീരുമാനിച്ചു.

ഓണത്തിന്നു ഒട്ടകങ്ങളെല്ലാവരും കൂടി. അവിട്ടത്തിനു ചെറിയമക്കളെ പുറത്തെക്കു കളിക്കാൻ വിട്ട്, ഒരു മുഖവരയുമില്ലാതെ വല്യ മകൻ സന്ദീപ് പറഞ്ഞു:

"നമ്മകു ഈ വീടും സ്ഥലങ്ങളും വിറ്റാലൊ അഛാ... നിങ്ങൾക്കു നല്ല്ലൊരു സ്റ്റുടിയൊ ഫ്ലാറ്റ് വാങ്ങാം. പിന്നെ ഞങ്ങൾക്കും പ്രാരാബ്ദ്ധങ്ങളായില്ലെ.. എന്തെകിലും കിട്ടിയാൽ ഞങ്ങൾക്കും സ്വന്തമായി ഒരു വീടൊക്കെ നോക്കാമായിരുന്നു." പിന്നെ സന്തോഷായി ബാക്കി. അവസാനം:

"നിങ്ങൾക്കു എന്തെകിലും ആവശ്യം വന്നാൽ ഞങ്ങൾ അടുത്തുണ്ടാവുകയും ചെയ്യും, ആലോചിട്ട് മതി."

ദേഷ്യവും സങ്കടവും മുഖത്തിന്റെ നിറമൊരു തക്കാളിയെപോലെ ചുവപ്പിച്ചുവെങ്കിലും സരസ്വതിയ്മ്മയുടെ മുഖത്തെ താകീത് മനസ്സിലാക്കി, പെട്ടെന്നു അവിടെനിന്നു എണീട്ടു. "ആലോചിക്കാം.." എന്നു മാത്രം പറഞ്ഞു.

പറ്റില്ല എന്നു മാധവൻ നായർ പല പ്രാവശ്യവും സരസ്വതിയമ്മയോടു പറഞ്ഞു. ഇത്ര കാലം അവർക്കു വേണ്ടി ജീവിച്ചു. എപ്പോഴുമില്ലല്ലൊ, ഇടയ്ക്കു വല്ല ആവശ്യം വരുമ്പോൾ കുറച്ചു ലീവെടുത്തുകൂടെ. രണ്ട് മരുമക്കൾക്കും ഉദ്യോഗം പോലുമില്ല. എന്നിട്ടാണ്. മക്കൾക്കു വേണ്ടി എത്ര ലീവാണ് ബാക്കിയുള്ളവരെടുത്തിരിക്കുന്നതു. ജലരേഖകൾ!

മക്കളെ പിണക്കരുതു, വരും വരായ്കളെ കുറിച്ചു ഓർക്കണം, എന്തു തീരുമാനമെടുത്താലും സ്വീകരിക്കുമെന്നു സരസ്വതിയമ്മ ഭർത്താവിനോട് പറഞ്ഞു. എന്നാലും മക്കളെ പിണക്കരുത്. ഇതു മാത്രമായിരുനു അവരുടെ നിർദ്ദേശം. പിന്നെ ഇനിയൊരിക്കൽ കുട്ടികൾ ചോദിക്കുംമ്പോൾ മാത്രം ഉത്തരം പറഞ്ഞാൽ മതിയെന്നും.

തന്റെ ഏതു തീരുമാനത്തിലും കൂടെ നിക്കാമെന്നേറ്റ സരസ്വതിയമ്മയുടെ നിർദ്ദേശം അയാളും സ്വീകരിച്ചു. അക്ഷമയോടെ...

പ്രതീക്ഷിച്ചപോലെ അവർ വിളിച്ചു ചോദിച്ചതൊന്നുമില്ല. പിന്നീട് ഞാറാഴ്ചകളിൽ വരുമ്പോഴും ഇതിനെ കുറിചു അവരാരും പരാമർശിച്ചില്ല:
പക്ഷെ മാധവൻ നായരുടെ തലയിൽ എന്നും എപ്പോഴും മക്കളോട് മറുപടി പറയുന്നാ രംഗം ആയിരുന്നു. അതിന്റെ സംഭാഷണവും, ലൊകേഷനും എല്ലാം അയാളുടെ മനസ്സിൽ ആവർത്തിച്ചു. അയാൾ ധൈര്യം സംഭരിച്ചുകൊണ്ടിരുന്നു.

"എന്തു വന്നാലും ശരി, സമ്മതിക്കില്ല. വയ്യാതെയാവുമ്പോഴല്ലെ... മാധവൻ നായർക്കു വയ്യാതെയായാൽ സരസ്വതിയമ്മ നോക്കും, സരസ്വതിയമ്മക്കു വയ്യാതെയായാൽ മാധവൻ നായർ നോക്കും. കൊടുക്കില്ല. എന്തു വന്നാലും കൊടുക്കില്ല.

അതോ ഇനി ആ പറമ്പ് കൊടുക്കണോ? അവർകുള്ളതല്ലെ? വീടു വെയ്ക്കാനൊ വാങ്ങാനൊ സഹായമാവും. ഏയ്, അതു വേണ്ട- എന്തെങ്കിലും മാരക രോഗം വന്നാൽ, ചികിത്സിക്കാൻ കാശ് വേണ്ടെ?" അലോസരപ്പെടുത്തിക്കൊണ്ട് ചിന്തകൾ എപ്പോഴും അയാൾക്കു ചുറ്റും പറന്നുലാത്തി.

അയാൾക്കു സങ്കടം വന്നു. ഈ വയസ്സുക്കാലത്ത് , തന്നെ, ഇങ്ങനെ ഒരു ധർമ്മസങ്കടത്തിൽ ആക്കിയല്ലോ എന്നോർത്ത്.

വിഷു അവധിക്കു വരുന്നുണ്ടെന്നു വിളിച്ചു പറഞ്ഞപ്പോൾ സരസ്വതിയമ്മ പറഞ്ഞൂ,

"ഇക്കുറി ചോദിക്കും. തയാറായിക്കോളു."

കിടക്കാൻ നേരത്തു മാധവൻ നായർ ഒന്നുകൂടി ഉറപ്പിച്ചു - "സരസ്വതി, നാളെ ഞാൻ അവരോട് പോയി പണി നോക്കാൻ പറയും. ഇതു വിറ്റ് പോവുന്ന പ്രശ്നമില്ല."

"ദേ, എനിക്കു ഒന്നെ പറയാനുള്ളു -മക്കളെ പിണക്കരുത്."

വന്നതിന്റെ മൂന്നാം ദിവസം ടിവിക്കു മുൻപിൽ ഇരിക്കുംമ്പോൾ സന്ദീപ് പെട്ടെന്നു ചോദിച്ചു -

" ഞങ്ങൾ പറഞ്ഞ കാര്യം എന്തായി? ഒരു ചെറിയ ഫ്ലാറ്റ് കണ്ട് വെച്ചിട്ടുണ്ട്. സന്തോഷിന്റെ ഫ്ലാറ്റിൽ നിന്നും ഒരു ഇരുനൂർ മീറ്റ്ർ അകലത്തിൽ. അഡ്വാൻസ് കൊടുത്തു..."

മാധവൻ നായർ തീരുമാനിച്ചുറപ്പിച്ച ഡയലോഗിനു വേണ്ടി മനസ്സിൽ പരതി, ആർഗ്യുമെന്റ്സ് അവതരിപ്പിക്കേണ്ട രീതി; എല്ലാം മനപാഠമായിരുന്നു. അയാളുടെ മനസ്സിലൂടെ പോയ കാലങ്ങളും വരും കാലങ്ങളും എല്ലാം ഒരു സിനിമയുടെ പ്രന്മോഷൻ സ്റ്റിൽസ് പോലെ പെട്ടെന്നു മറഞ്ഞുകൊണ്ടിരുന്നു.

കൺകോണിലൂടെ സരസ്വതിയമ്മയുടെ ആകാംക്ഷ നിറഞ്ഞ മുഖവും പതിഞ്ഞു. മാധവൻ നായർ ഒരു ദീർഘശ്വാസമെടുത്തു...

"ങ, ഞങ്ങൾക്കു വയസ്സായി. ഇനി നിങ്ങൾ എന്താന്നുവെച്ചാൽ തീരുമാനിച്ചോള്ളൂ....

സരസ്വതിയമ്മ തിരിഞ്ഞു അടുക്കളയിലേക്കു നടന്നു -

"ശീലിച്ചതല്ലെ പാലിക്കൂ", അവർ പിറുപിറുത്തു.